Join News @ Iritty Whats App Group

രണ്ട് രൂപ ഡോക്ടര്‍ വിശ്രമജീവിതത്തിലേക്ക്; രൈരു ഗോപാല്‍ നന്മയുടെ മറുവാക്കെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്



ആരോഗ്യ പ്രശ്‌നങ്ങളാല്‍ വിശ്രമ ജീവിതത്തിലേക്ക് കടന്ന ഡോക്ടര്‍ രൈരു ഗോപാലിന് ആശംസ അറിയിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആതുര സേവന രംഗത്ത് അന്‍പത് വര്‍ഷത്തോളമായി സജീവ സാന്നിധ്യമായിരുന്നു രൈരു ഗോപാല്‍. രണ്ട് രൂപ ഡോക്ടര്‍ എന്നാണ് രൈരു ഗോപാല്‍ അറിയപ്പെട്ടിരുന്നത്.

തന്റെ ജോലി ചെയ്യുവാനുള്ള ആരോഗ്യം ഇന്ന് തനിക്കില്ലെന്നും അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിറുത്തുകയാണെന്ന് ഗേറ്റിന് മുന്നില്‍ ബോര്‍ഡ് തൂക്കിയാണ് വിശ്രമ ജീവിതത്തെ കുറിച്ച് രൈരു ഗോപാല്‍ പൊതുജനങ്ങളെ അറിയിച്ചത്. 18 ലക്ഷം രോഗികള്‍ക്ക് ചികിത്സ നല്‍കിയ ശേഷമാണ് ഡോക്ടര്‍ വിശ്രമ ജീവിതത്തിലേക്ക് കടന്നത്.

രണ്ട് രൂപ മാത്രം പ്രതിഫലം വാങ്ങി രോഗികളെ ചികിത്സിച്ചിരുന്ന രൈരു ഗോപാലിനെ നന്മയുടെ മറുവാക്കെന്നാണ് മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശേഷിപ്പിച്ചത്. നന്‍മയുടെ മറുവാക്കാണ് ഡോ. രൈരു ഗോപാല്‍. പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന പരിശോധന. ദിവസേന വീട്ടിലേക്കെത്തിയിരുന്നത് നൂറുകണക്കിന് രോഗികള്‍. ആകെ വാങ്ങാറുള്ള ഫീസ് വെറും 2 രൂപ.

ആതുരസേവന മേഖലയിലെ ജീവിക്കുന്ന ചരിത്രവും അത്ഭുതവുമാണ് ഡോ. രൈരു ഗോപാല്‍. അമ്പത് വര്‍ഷത്തോളമായി അദ്ദേഹം കണ്ണൂരുകാരുടെ പ്രിയപ്പെട്ട രണ്ടുരൂപ ഡോക്ടറായി ജീവിക്കുന്നു. തന്റെ ജീവിതം കൊണ്ട് ഈ സമൂഹത്തിന് അദ്ദേഹം നല്‍കുന്ന സന്ദേശം വളരെ വലുതാണ്. തനിക്ക് ആകുന്നത്രകാലം അദ്ദേഹം മനുഷ്യനുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ചു.

ആരോഗ്യം അനുവദിക്കില്ലാത്തതിനാല്‍ ഇനി രണ്ടുരൂപാ ഡോക്ടറായി തുടരാനാകില്ലെന്ന ഡോ. രൈരുവിന്റെ വാക്കുകള്‍, അദ്ദേഹം ആശ്വാസം പകര്‍ന്ന എത്രയോ മനുഷ്യരുടെ നൊമ്പരമായി മാറിയിട്ടുണ്ടാകും. എങ്കിലും കഴിയുന്നത്രകാലം അദ്ദേഹം അതു തുടര്‍ന്നുവെന്നതുതന്നെ എന്തൊരാശ്വാസകരമായ വാര്‍ത്തയാണ്.

ആരോഗ്യം വീണ്ടെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെയെന്നും അനേകരുടെ ആശ്രയമാകാന്‍ ഇനിയും കരുത്തുണ്ടാകട്ടെയെന്നും ആഗ്രഹിക്കുന്നു. രൈരു ഡോക്ടറെ ഇന്ന് നേരില്‍ വിളിച്ച് സ്‌നേഹം പങ്കുവച്ചുവെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group