Join News @ Iritty Whats App Group

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

മലപ്പുറം താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികളായ നാല് പൊലീസുകാരെയും അറസ്റ്റ് ചെയ്ത് സിബിഐ. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി പിടികൂടിയത്. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്.

2023 ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ ഒന്നേ മുക്കാലോടെയാണ് 18 ഗ്രാം എംഡിഎംഎയുമായി തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി പിടിയിലായതെന്ന് പൊലീസ് പറയുന്നു. 4.20 ഓടെ താമിര്‍ കുഴഞ്ഞു വീണുവെന്നും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുക ആയിരുന്നുവെന്നുമായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍, ആശുപത്രിയിൽ എത്തിച്ച് അഞ്ചു മണിക്കൂറിനു ശേഷം മാത്രമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമുള്ള ആരോപണം ശക്തമായിരുന്നു.

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കും പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരിൽ നിന്ന് എംഡിഎംഎ പിടികൂടി എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. എഫ്എസ്എൽ റിപ്പോർട്ടിൽ വീര്യം കുറഞ്ഞ മെത്താംഫെറ്റാമിൻ ആണ് പിടികൂടിയത് എന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചായിരുന്നു ഹൈക്കോടതി ജാമ്യം നല്‍കിയത്.

കസ്റ്റഡി മരണം അന്വേഷിച്ച ക്രൈം ബ്രാഞ്ച് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ആദ്യഘട്ട പ്രതിപട്ടിക സമർപ്പിച്ചിരുന്നു. പ്രതികളായ നാലു പൊലീസുകാർക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ എസ് സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിൻ എന്നിവരായിരുന്നു ക്രൈം ബ്രാഞ്ചിന്‍റെ പ്രതിപട്ടികയിലുണ്ടായിരുന്നത്. കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണിപ്പോള്‍ പ്രതി പട്ടികയിലുണ്ടായിരുന്ന നാലുപേരെയും അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post
Join Our Whats App Group