Join News @ Iritty Whats App Group

ബന്ധുക്കള്‍ ഏറ്റെടുക്കാനില്ലാതെ മധ്യവയസ്‌കന്റെ മൃതദേഹം അഞ്ചുമാസമായി ആശുപത്രി മോര്‍ച്ചറിയില്‍ ; ഒടുവില്‍ അജ്ഞാത മൃതദേഹത്തിന് അന്ത്യകര്‍മ്മം നടത്തി നഴ്‌സിംഗ് ഓഫീസര്‍



കൊല്ലം: ബന്ധുക്കള്‍ ഏറ്റെടുക്കാനില്ലാതെ അഞ്ചു മാസമായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹത്തിന് അന്ത്യകര്‍മം ചെയ്ത് നഴ്‌സിങ് ഓഫീസര്‍. കൊല്ലം ജില്ലാ ആശുപത്രിയിലെ സീനിയര്‍ നഴ്‌സിങ് ഓഫീസറായ കൊല്ലം പടിഞ്ഞാറേ കല്ലട കോതപുരം ആവണി നിലയത്തില്‍ സുരഭി മോഹനാണ് അന്ത്യകര്‍മം നിര്‍വഹിച്ച് മാതൃകയായത്.

ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച മധ്യവയസ്‌കന്റെ മൃതദേഹമാണ് ഏറ്റെടുക്കാനാളില്ലാതെ അഞ്ചുമാസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്. പിതാവിന് പക്ഷാഘാതം വന്ന് ഐ.സി.യുവില്‍ ചികിത്സയിലിരിക്കവെയാണ് സുരഭി ആദ്യമായി ഇൗ മധ്യവയസ്‌കനെ കാണുന്നത്. ശ്വാസം മുട്ടലോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഭക്ഷണം നല്‍കാന്‍ പോലും ആരുമില്ലാതെ കിടക്കുന്നതു കണ്ടാണു സുരഭി ഇദ്ദേഹത്തെ പരിചരിച്ചത്. പിതാവിനെ നോക്കുന്നതിനൊപ്പം അദ്ദേഹത്തിനും ഭക്ഷണം നല്‍കി. കാണുമ്പോഴേ ഇഷ്ടം തോന്നുന്ന പ്രകൃതമായിരുന്നു. സംസാരിച്ചു തുടങ്ങിയപ്പോള്‍ വ്യക്തിത്വവും ഇഷ്ടമായി. സലിം എന്ന് പേരു പറഞ്ഞതല്ലാതെ വീട്ടുകാരെക്കുറിച്ചോ മറ്റു വിവരങ്ങളോ ഒന്നും പറഞ്ഞിരുന്നില്ല.

പിന്നീട് ഇദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയപ്പോഴും സുരഭി കാണാന്‍ ചെല്ലുന്നത് മുടക്കിയില്ല. ഒരു ദിവസം കാണാന്‍ ചെന്നപ്പോള്‍ തന്റെ കണ്‍മുന്നിലാണ് അദ്ദേഹം മരിച്ചതെന്നു സുരഭി പറയുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുമ്പോള്‍ ഏറ്റെടുക്കാന്‍ ആരുമെത്തിയില്ലെങ്കില്‍ തന്നെ അറിയിക്കണമെന്ന് സുരഭി പോലീസ് സര്‍ജനോട് പറഞ്ഞിരുന്നു. അഞ്ച് മാസം കഴിഞ്ഞിട്ടും ആരും അനേ്വഷിച്ചെത്തിയില്ല.

മൃതദേഹം കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിലെ കുട്ടികളുടെ പഠനാവശ്യത്തിനായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായ വിവരം പോലീസ് അറിയിച്ചു. തുടര്‍ന്നു സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ സുരഭി തന്നെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ മുന്നിട്ടിറങ്ങി.
മോര്‍ച്ചറിയില്‍ ജോലി ചെയ്യുന്ന സന്തോഷ്, ഫോട്ടോഗ്രാഫര്‍ ക്രിസ്റ്റി, നഴ്‌സിങ് അസിസ്റ്റന്റ് സുനില്‍ കാര്‍ലോസ് എന്നിവര്‍ സുരഭിക്കൊപ്പം ചേര്‍ന്നു. കൊല്ലം ജുമാ മസ്ജിദില്‍നിന്നു മതപണ്ഡിതരെ വരുത്തി.

മൃതദേഹം കുളിപ്പിച്ച് അന്ത്യ കര്‍മങ്ങളെല്ലാം ചെയ്ത് മെഡിക്കല്‍ കോളജിന് വിട്ടുകൊടുത്തു. റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മോഹനാണ് സുരഭിയുടെ ഭര്‍ത്താവ്. മക്കള്‍: നൃത്താധ്യാപികയായ ആവണി മോഹന്‍, കൊല്ലം ജില്ലാ ആശുപത്രിയിലെ രണ്ടാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായ അല്‍ക്ക മോഹന്‍.

Post a Comment

Previous Post Next Post
Join Our Whats App Group