Join News @ Iritty Whats App Group

ജലജീവൻ മിഷനിലൂടെ പായം പഞ്ചായത്തിലെ മുഴുവൻ വീടുകളിലേക്കും പൈപ്പ് ജലം എത്തിക്കുന്നതിനായി ഇരിട്ടി പുഴയിലൂടെ പൈപ്പിടുന്ന പദ്ധതി അവസാന ഘട്ടത്തിലേക്ക്



രിട്ടി: ജലജീവൻ മിഷനിലൂടെ പായം പഞ്ചായത്തിലെ മുഴുവൻ വീടുകളിലേക്കും പൈപ്പ് ജലം എത്തിക്കുന്നതിനായി ഇരിട്ടി പുഴയിലൂടെ പൈപ്പിടുന്ന പദ്ധതി അവസാന ഘട്ടത്തിലേക്ക്.
പുഴയുടെ ഇരു ഭാഗങ്ങളിലും പൈപ്പിടല്‍ പൂർത്തിയാക്കിയെങ്കിലും പുഴയുടെ അടിത്തട്ടിലൂടെ പൈപ്പിട്ട് ഇരുകരകളിലെയും പൈപ്പുകളെ ബന്ധിപ്പിക്കാനുള്ള പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. 

ഇരിട്ടി നഗരസഭയിലെ ഹൈസ്‌കൂള്‍ കുന്നില്‍ നിർമിച്ച കൂറ്റൻ ടാങ്കില്‍ നിന്നുമാണ് വെള്ളം പായം പഞ്ചായത്തിലേക്ക് എത്തിക്കേണ്ടത്. ഇതിനായി പഴശി പദ്ധതിയുടെ ജലാശയം കൂടിയായ ഇരിട്ടി പുഴയുടെ അടിത്തട്ടിലൂടെ 300 മീറ്റർ നീളത്തില്‍ രണ്ട് എച്ച്‌ഡിപിഇ (ഹൈ ഡെൻസിറ്റി പോളി എത്തലീൻ) പൈപ്പുകളാണ് സ്ഥാപിക്കുന്നത്. 

പായത്തേക്ക് വെള്ളമെത്തിക്കാൻ അടുത്തിടെ നിർമാണം പൂർത്തിയാക്കിയ തലശേരി-വളവുപാറ റോഡ് കടന്നുപോകുന്ന ഇരിട്ടി ടൗണിലെ റോഡുകള്‍ അടക്കം കീറി മുറിക്കേണ്ട അവസ്ഥ ഒഴിവാക്കാനായാണ് പുഴക്കടിയിലൂടെ പൈപ്പിടല്‍ പദ്ധതി ആവിഷ്കരിച്ചത്.

വാട്ടർ ടാങ്കില്‍ നിന്നും താലൂക്ക് ആശുപത്രി, നരിക്കുണ്ടം-നേരംപോക്ക് റോഡ് വഴി സ്ഥാപിക്കുന്ന പൈപ്പ്‌ലൈൻ നേരെ പഴശി ജലാശയം മുറിച്ചുകടന്ന് പായം പഞ്ചായത്തിലെ തന്തോട് കവലയിലും അവിടെ നിന്നും വിളമനയില്‍ സ്ഥാപിക്കുന്ന പമ്ബിംഗ് ടാങ്കിലുമെത്തിക്കും. തുടർന്ന് മട്ടിണിയിലെ 12 ലക്ഷം ലിറ്റർ വെള്ളം ഉള്‍കൊള്ളുന്ന ടാങ്കില്‍ സ്റ്റോർ ചെയ്യുന്ന ജലം വീടുകളില്‍ ടാപ്പുകള്‍ സ്ഥാപിച്ച്‌ വിതരണം ചെയ്യും. ഇതിനു താഴെയായി നിരങ്ങൻചിറ്റയിലും മറ്റൊരു ചെറിയ ടാങ്കുകൂടി ഇതോടൊപ്പം സ്ഥാപിക്കും. ഇതിലൂടെ ഏറെ കുന്നുകളും മലകളുമുള്ള പായം പഞ്ചായത്തിലെ എല്ലാ മേഖലയിലും കുടിവെള്ള മെത്തിക്കാൻ കഴിയും.

പദ്ധതിയില്‍ സ്ഥാപിക്കേണ്ട മറ്റ് പൈപ്പുലൈനുകളുടെ പ്രവൃത്തി ഏതാണ്ട് മുഴുവനായും പൂർത്തിയായിക്കഴിഞ്ഞു. ഇവയെ ബന്ധിപ്പിക്കാൻ ഇരിട്ടി പുഴയുടെ പഴശി ജലാശയത്തിലൂടെ പൈപ്പ് സ്ഥാപിക്കുന്ന സാഹസികമായ പ്രവർത്തനമാണ് നടക്കുന്നത്. ജല വിതരണത്തിനായി രണ്ട് എച്ച്‌ഡിപിഇ പൈപ്പുകളാണ് സ്ഥാപിക്കുന്നത്. എന്തെങ്കിലും കാരണവശാല്‍ ഒരു പൈപ്പിന് തകരാർ സംഭവിക്കുകയാണെങ്കില്‍ പകരം ഉപയോഗിക്കാനാണ് രണ്ടാമത്തെ പൈപ്പ് ഉപയോഗിക്കുക.

വെള്ളത്തിന് മുകളിലൂടെ ഇട്ട പൈപ്പുകള്‍വെള്ളത്തിനടിയില്‍ സ്ഥാപിക്കാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. കംപ്രസർ ഉപയോഗിച്ച്‌ ജലാശയത്തിനടിയില്‍ ചാലുകീറും. ഒരു മീറ്റർ ഇടവിട്ട് വലിയ കോണ്‍ക്രീറ്റ് കട്ടകള്‍ പൈപ്പുകളില്‍ ഘടിപ്പിച്ചാണ് ജലാശയത്തിനടിയിലെ ചാലില്‍ പൈപ്പ് സ്ഥാപിക്കുന്നത്. ഇരിട്ടി-മട്ടന്നൂർ നഗരസഭകളില്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ പ്രവർത്തനവും അവസാന ഘട്ടത്തിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group