Join News @ Iritty Whats App Group

'ഫൈസലിന് സമയത്തിന് ചികിത്സ നല്‍കിയില്ല, ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ വരരുത്'; അട്ടപ്പാടിയില്‍ പ്രതിഷേധം

പാലക്കാട്: അട്ടപ്പാടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് മരിച്ച ഫൈസല്‍ എന്ന യുവാവിന് ചികിത്സ വൈകിയെന്ന് സ്ഥിരീകരിച്ച് ബന്ധുക്കളും. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ശേഷമാണ് ജോലിക്ക് പോകുംവഴി ഫൈസലോടിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ ആദ്യം കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫൈസലിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റാൻ ഐസിയു സൗകര്യമുള്ള ആംബുലൻസ് ലഭ്യമല്ലായിരുന്നു.

കോട്ടത്തറ ആശുപത്രിയിലെ ഐസിയു സൗകര്യമുള്ള രണ്ട് ആംബുലൻസുകളും രണ്ട് മാസത്തോളമായി കേടുപാടുകളെ തുടര്‍ന്ന് ഓടുന്നുണ്ടായിരുന്നില്ല. പിന്നീട് ഒറ്റപ്പാലത്ത് നിന്ന് ആംബുലൻസ് എത്തിച്ചാണ് ഫൈസലിനെ മാറ്റിയത്. എന്നാല്‍ പോകുന്ന വഴിക്ക് തന്നെ മരണം സംഭവിക്കുകയായിരുന്നു.

ഫൈസലിനെ ആശുപത്രിയില്‍ നിന്ന് മാറ്റാൻ മൂന്ന് മണിക്കൂറോളം വൈകിയത് ഇന്നലെ തന്നെ പരാതിക്ക് ഇടയാക്കിയിരുന്നു. ഇന്ന് ബന്ധുക്കള്‍ കൂടി ഇതേ പ്രശ്നമുന്നയിച്ച് പരാതിപ്പെടുകയാണ്. 

സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്നാണ് കുടുംബം അറിയിക്കുന്നത്. കൃത്യസമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കില്‍ ഫൈസല്‍ ജീവിക്കുമായിരുന്നു, ഇനി ഒരു കുടുംബത്തിനും ഈ അവസ്ഥ വരരുത് എന്നാണ് കുടുംബം പറയുന്നത്. അതേസമയം ആംബുലൻസുകള്‍ ഓടാതെ കിടക്കുകയാണെങ്കിലും ഫൈസലിന് പരമാവധി ചികിത്സ നല്‍കിയെന്ന് കോട്ടത്തറ ആശുപത്രിയിലെ സൂപ്രണ്ട് അറിയിച്ചു. സൂപ്രണ്ടിന്‍റെ ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

ഇതിനിടെ സംഭവത്തില്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ അട്ടപ്പാടിയില്‍ പ്രതിഷേധവും നടത്തി. പ്രത്യേകശ്രദ്ധ വേണ്ട അട്ടപ്പാടിയില്‍ ആവര്‍ത്തിക്കുന്ന പിഴവിന് ആരോഗ്യമന്ത്രി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. 

നടപടികള്‍ക്ക് ശേഷം ഫൈസലിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനില്‍കിയിട്ടുണ്ട്. 25 വയസായിരുന്നു ഫൈസലിന്.

Post a Comment

Previous Post Next Post
Join Our Whats App Group