കൊച്ചി: ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്തു. ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്. സാബുവിന്റേത് ഗുരുതര അച്ചടക്കലംഘനമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. പൊലീസിന്റെയും സർക്കാരിന്റെയും സൽപ്പേരിന് കളങ്കം വരുത്തിയെന്നും ഉത്തരവിലുണ്ട്. സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. ഈ മാസം 31ന് വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് സാബു.
പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് നേരത്തെ തന്നെ സസ്പെൻഷൻ ലഭിച്ചിരുന്നു. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്ത്. മൂന്നാമതൊരു പൊലീസുകാരൻ കൂടി പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇദ്ദേഹംവിജിലൻസില്‍ നിന്നുള്ളയാളാണ്. ഈ ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തു.
തമ്മനം ഫൈസലിന്‍റെ അങ്കമാലിയിലുള്ള വീട്ടില്‍ നടന്ന പാര്‍ട്ടിയിലാണ് എംജി സാബുവും മൂന്ന് പൊലീസുകാരും പങ്കെടുത്തത്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള റെയ്ഡിന്റെ ഭാഗമായി ഫൈസലിന്‍റെ വീട്ടിൽ എത്തിയ അങ്കമാലി എസ്ഐയും സംഘവും പൊലീസുകാരെ കണ്ടതോടെയാണ് സംഭവം വെളിച്ചത്താകുന്നത്.
Post a Comment