Join News @ Iritty Whats App Group

പറക്കുന്ന വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണി; കണ്ണൂർ സ്വദേശി മംഗളൂരുവിൽ അറസ്റ്റില്‍


മംഗളൂരു: വിമാനയാത്രക്കിടെ ജീവനക്കാരോട് മോശമായി പെരുമാറിയ മലയാളി മംഗളൂരുവില്‍ അറസ്റ്റില്‍. പറക്കുന്ന വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

കണ്ണൂർ സ്വദേശിയായ മുഹമ്മദ് ബി സിയെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ദുബായ്- മംഗളൂരു വിമാനത്തില്‍ മേയ് എട്ടിനാണ് സംഭവം നടന്നത്. ജീവനക്കാരുടെ പരാതിയെത്തുടർന്ന് വിമാനം മംഗളൂരുവില്‍ എത്തിയതിന് പിന്നാലെ മുഹമ്മദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനത്തില്‍ നിന്ന് കടലിലേയ്ക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ മുഹമ്മദ് മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയെന്ന് പൊലീസ് പറഞ്ഞു.

'ഡല്‍ഹിയില്‍ നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെ മുഹമ്മദ് ടോയ്‌ലെറ്റിലേയ്ക്ക് പോയി. തിരികെ വന്നതിനുശേഷം മറ്റൊരു യാത്രക്കാരനെക്കുറിച്ച്‌ ഇയാള്‍ ജീവനക്കാരോട് തിരക്കി. എന്നാല്‍ ആ പേരിലൊരു യാത്രക്കാരൻ ജീവനക്കാരുടെ കൈവശമുള്ള പട്ടികയിലുണ്ടായിരുന്നില്ല. വിമാനത്തിലെ ജീവനക്കാർ സമീപത്തുണ്ടായിരുന്നിട്ടും ഇയാള്‍ ബെല്‍ അമർത്തിക്കൊണ്ടിരുന്നു.

ഒരു ലൈഫ് ജാക്കറ്റ് കൈയിലെടുത്ത് ജീവനക്കാരന് നല്‍കിയതിനുശേഷം വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് തനിക്കിത് ധരിക്കണമെന്ന് പറഞ്ഞു. അനാവശ്യ ചോദ്യങ്ങള്‍ നിരന്തരം ഉന്നയിച്ച്‌ ജീവനക്കാരെ ശല്യം ചെയ്തു. അറബിക്കടലിന് മുകളിലൂടെ വിമാനം പറക്കുന്നതിനിടെ തനിക്ക് കടലില്‍ ചാടാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു'- പൊലീസ് വ്യക്തമാക്കി.

വിമാനം മംഗളൂരുവില്‍ എത്തിയയുടൻ തന്നെ ജീവനക്കാർ മുഹമ്മദിനെ കസ്റ്റഡിയിലെടുത്ത് രേഖാമൂലമുള്ള പരാതി സഹിതം പൊലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് ഇയാള്‍ക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group