Join News @ Iritty Whats App Group

'ലക്ഷ്യം താനല്ല പിണറായി വിജയനായിരുന്നു' ; സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ ആവശ്യപ്പെടുമെന്ന് ഇ.പി. ജയരാജന്‍

തിരുവനന്തപുരം: ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ പ്രതികളുടെ ലക്ഷ്യം താനായിരുന്നില്ല കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നെന്നും പ്രതികളെ ആസൂത്രണം ചെയ്തതും പ്രതികളെ വാടകയ്ക്ക് എടുത്തതും കെ. സുധാകരനാണെന്നും ആരോപിച്ച് ഇ.പി. ജയരാജന്‍.

ഈ കേസില്‍ സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇ.പി. ജയരാജന്‍ പറഞ്ഞു. കേസില്‍ ഗൂഡാലോചനയില്‍ പ്രതിചേര്‍ത്തിരുന്ന കെ. സുധാകരനെ ഇന്ന് ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ചണ്ഡീഗഡില്‍ നടന്ന പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുക്കാനായി പിണറായിയും താനും മറ്റുള്ള നേതാക്കളും കുടുംബാംഗങ്ങളുമായിട്ടാണ് പോയത്. എന്നാല്‍ തിരിച്ചുവന്നപ്പോള്‍ പലരും പല വഴിയിലൂടെയാണ് കേരളത്തില്‍ എത്തിയത്. താന്‍ ട്രെയിന്‍ മാര്‍ഗ്ഗത്തിലാണ് പോന്നത്. ആന്ധ്രയില്‍ എത്തിയപ്പോഴായിരുന്നു താന്‍ ആക്രമണത്തിന് ഇരയാക്കപ്പെട്ടതെന്നും പറഞ്ഞു.

വിക്രംചാലില്‍ ശശി, പേട്ട ദിനേശന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ പേട്ട ദിനേശന്‍ ഇപ്പോഴും ജയിലില്‍ കിടക്കുന്നുണ്ട്. സംഭവത്തിന് ശേഷം അന്വേഷണം നടത്തിയപ്പോഴാണ് അക്രമികള്‍ മലയാളികളാണെന്നും തലശ്ശേരിക്കാരാണെന്നും അറിഞ്ഞതെന്നും ജയരാജന്‍ പറഞ്ഞു. പിന്നീട് നടന്ന അന്വേഷണത്തില്‍ സുധാകരന്‍ ഉള്‍പ്പെട്ട ഗൂഡാലോചന കണ്ടെത്തിയതാണെന്നും ജയരാജന്‍ പറഞ്ഞു. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വേണം കരുതാനെന്നും പറഞ്ഞു. 1995 ഏപ്രില്‍ 12 നായിരുന്നു ജയരാജന് നേരെ ആക്രമണം ഉണ്ടായത്.

Post a Comment

Previous Post Next Post
Join Our Whats App Group