Join News @ Iritty Whats App Group

സംസ്ഥാനത്ത് വിവിധതരം പകര്‍ച്ചപ്പനികള്‍; ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണമെന്ന് നിര്‍ദ്ദേശം



സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വിവിധതരം പകര്‍ച്ചപ്പനികള്‍ക്കെതിരെ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പൊതു ജല സ്രോതസുകള്‍ ഉത്തരവാദിത്തപെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് 12 ഇടങ്ങളില്‍ മഞ്ഞപ്പിത്ത വ്യാപനമുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, പത്തനംതിട്ട, മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് വ്യാപനം. ചികിത്സയും പ്രതിരോധവും ശക്തമായി നടക്കുന്നുണ്ടെന്നും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. പനിയുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കുറവാണെന്നും മന്ത്രി പറഞ്ഞു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.' മഴക്കാലം വരുന്നതിനാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.

രോഗബാധിത പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്ത്രോതസുകളിലും ക്ലോറിനേഷന്‍ നടത്താന്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കും. സ്‌കൂളുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കും. ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും. ഐസൊലേഷന്‍ കിടക്കകള്‍ മാറ്റിവയ്ക്കും. ആശുപത്രികള്‍ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കും.' മരുന്ന് സ്റ്റോക്ക് 30 ശതമാനത്തിന് താഴെയാകുന്നതിന് മുമ്പ് അറിയിക്കണമെന്നും ഉന്നതതല യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി.

Post a Comment

Previous Post Next Post
Join Our Whats App Group