Join News @ Iritty Whats App Group

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏഴുദിവസം കൂടി നല്‍കണം ; ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടന്നിരിക്കേ ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടി നല്‍കണമെന്ന ആവശ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് കെജ്‌രിവാളിന്റെ ആവശ്യം. ജൂണ്‍ 2 ന് തിരികെ തീഹാര്‍ജയിലില്‍ എത്തണം എന്ന് കാണിച്ചാണ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കിയിരിക്കുന്നത്.

പിഇടി-സിടി സ്‌കാന്‍ അടക്കം മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ജാമ്യം നീട്ടി നല്‍കണമെന്നും കെജ്രിവാള്‍ ഹര്‍ജിയിലൂടെ കോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. മാക്സ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം ഇതിനകം പ്രാഥമിക പരിശോധനകള്‍ നടത്തിയിട്ടുണ്ട്. തുടര്‍ പരിശോധന അനിവാര്യമാണെന്നും സാഹചര്യം പരിഗണിച്ച് കോടതി ഇടക്കാലജാമ്യം നീട്ടിനല്‍കണമെന്നാണ് കെജ്രിവാളിന്റെ അഭിഭാഷകന്റെ ജാമ്യാപേക്ഷ. ജൂണ്‍ 1 ന് ഇന്ത്യാ മുന്നണി വിളിച്ചിരിക്കുന്ന യോഗത്തില്‍ കെജ്‌രിവാള്‍ ഉണ്ടാകുമോ എന്ന് വ്യക്തമല്ല.

ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തെ മറികടന്ന് 21 ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യം അനുവദിച്ചാലും ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കരുത് എന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് കെജ്രിവാളിനോട് ആവശ്യപ്പെട്ടിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ കെജ്രിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ 'ഇന്‍ഡ്യ' ബ്ലോക്കിന് വോട്ട് ചെയ്താല്‍ തനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല എന്ന് ജാമ്യം ലഭിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ കെജ്രിവാള്‍ ജനങ്ങളോട് പറഞ്ഞിരുന്നു. പ്രസംഗത്തിനെതിരെ ഇഡി കോടതിയെ സമീപിച്ചിരുന്നു.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group