ആലപ്പുഴ: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ നിദ ഫാത്തിമയുടെ ദുരൂഹമരണത്തിന് ഒരുവർഷം കഴിഞ്ഞിട്ടും ഉത്തരമില്ല. മരണത്തിലെ അവ്യക്തത നീക്കാനും നഷ്ടപരിഹാരത്തിനുമായി മുഖ്യമന്ത്രിയെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് കുടുംബം. അമ്പലപ്പുഴ കാക്കാഴം പള്ളിക്ക് സമീപം ഏഴരപ്പീടിക പുറക്കാടൻ സുഹ്റ മൻസിലിൽ ഓട്ടോഡ്രൈവറായ ഷിഹാബുദ്ദീന്റെയും വീട്ടമ്മയായ അൻസിലയുടെയും മകളായ നിദ 2022 ഡിസംബർ 22നാണ് മരിച്ചത്.
ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാണ് നിദ ഉൾപ്പെടെയുള്ള കേരള ടീമംഗങ്ങൾ നാഗ്പൂരിലെത്തിയത്. കോടതി ഉത്തരവ് പ്രകാരമാണ് എത്തിയതെന്നതിനാൽ ദേശീയ ഫെഡറേഷൻ ഇവർക്ക് താമസമോ മറ്റുസൗകര്യങ്ങളോ ഏർപ്പെടുത്തിയിരുന്നില്ല. നാഗ്പൂരിലെത്തിയതിന് പിന്നാലെ പലതവണ ഛർദ്ദിച്ച നിദ ഫാത്തിമയെ താമസ സ്ഥലത്തിന് തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് നൽകിയ കുത്തിവയ്പിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിദയുടെ മരണത്തിൽ അന്നുമുതലേ കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. 16 മാസത്തിന് ശേഷം പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലും മരണകാര്യത്തിൽ വ്യക്തതയില്ല. ശ്വാസകോശത്തിൽ വെള്ളക്കെട്ട് ഉണ്ടായി എന്നതുൾപ്പടെയുള്ള വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടിൽ അതെങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് സൂചനയില്ലെന്നും പിതാവ് ഷിഹാബുദ്ദീൻ പറയുന്നു.
മരുന്ന് മാറി കുത്തിവച്ചതാകാം മകളുടെ മരണകാരണമെന്ന് കരുതുന്ന ഷിഹാബുദ്ദീനും ഭാര്യ അൻസിലയ്ക്കും സംശയങ്ങൾ നിരവധിയാണ്. നിദയ്ക്ക് ഛർദ്ദിയുണ്ടായെന്നാണ് ഒപ്പമുണ്ടായിരുന്ന അദ്ധ്യാപകർ ആദ്യം അറിയിച്ചത്. ആശുപത്രിയിലാണെന്നും ഉടൻ നാഗ്പൂരിലെത്താനുമായിരുന്നു തുടർന്ന് ലഭിച്ച സന്ദേശം. ഷിഹാബുദ്ദീൻ നാഗ്പൂരിലെത്തിയതിന് പിന്നാലെയായിരുന്നു മകളുടെ മരണം. ഇഞ്ചക്ഷനെടുത്തയുടൻ ശരീരം വിയർത്ത് തളർന്നുവീണ നിദയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും പിന്നീട് ജീവനോടെ കണ്ടിട്ടില്ലെന്ന് പിതാവ് പറയുന്നു.
Post a Comment