Join News @ Iritty Whats App Group

'മതചിഹ്‌നങ്ങളെ ഭീകരതയുടെ അടയാളങ്ങളാക്കരുത്' കാവി ഭയത്തിന്റെ അടയാളമെന്ന് 'കത്തോലിക്കാ സഭ' മുഖപ്രസംഗം ; മഹത്തായ ആര്‍ഷഭാരത സംസ്‌കാരത്തെയാണു തേജോവധം ചെയ്യുന്നു



തൃശൂര്‍: കാവിയെ മതരാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഉടയാടയാക്കി മാറ്റുന്നവര്‍ മഹത്തായ ആര്‍ഷഭാരത സംസ്‌കാരത്തെയാണു തേജോവധം ചെയ്യുന്നതെന്നു തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാ സഭ'. ഭാരതീയ സംസ്‌കാരത്തിന്റെ മുഖമുദ്രയും സന്യാസിവര്യരും ബ്രഹ്മചാരികളുമെല്ലാം അണിഞ്ഞ കാവി ഈ കാലഘട്ടത്തില്‍ ഭയത്തിന്റെ അടയാളമായി മാറിയെന്ന് 'മതചിഹ്‌നങ്ങളെ ഭീകരതയുടെ അടയാളങ്ങളാക്കരുത്'' എന്ന മേയ് ലക്കത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

' ഹിന്ദു വര്‍ഗീയവാദികളുടെ ആക്രമണത്തിനിരയായവര്‍ കാവി കാണുമ്പോള്‍ ഭയം തോന്നുന്നുവെന്ന് വിലപിക്കുന്നത് കേള്‍ക്കാനിടയായി. തെലങ്കാനയില്‍ ക്രൈസ്തവസഭയുടെ കീഴിലുള്ള മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കഴിഞ്ഞ മാസം ജയ്ശ്രീറാം വിളികളുമായെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. സ്‌കൂളും മദര്‍ തെരേസയുടെ രൂപവും തകര്‍ത്തു. കാവിക്കൊടിയും നാട്ടി. മറ്റുള്ളവര്‍ക്കു വിദ്യ പകര്‍ന്നുകൊടുക്കുന്ന സ്ഥാപനത്തെ തകര്‍ത്ത അക്രമികള്‍, അവരെ ഭയപ്പെടുത്താന്‍ നാട്ടിയതു കാവിക്കൊടിയായത് വലിയ വിരോധാഭാസമാണ്. ദൂരദര്‍ശന്‍ ന്യൂസ് ചാനലിന്റെ ലോഗോ കാവിനിറത്തിലാക്കിയത് ഈയിടെയാണ്. ഡി.ഡി. ന്യൂസിനെ രാജ്യാന്തര ശ്രദ്ധേയമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാറ്റങ്ങളുടെ ഭാഗമാണ് ഈ നിറംമാറ്റമെന്നാണു വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ വിശദീകരണം.

ഭരണഘടനാ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും അക്കാദമിക് രംഗത്തും ബി.ജെ.പി. സര്‍ക്കാരുകള്‍ കാവിവല്‍ക്കരണമാണ് നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. പാഠപുസ്തകങ്ങളില്‍വരെ ഇതിന്റെ അനുരണനങ്ങള്‍ കാണുന്നുണ്ട്. മുന്‍ ഭരണാധികാരികളുടെ കാലത്തു സ്ഥാപിക്കപ്പെട്ട പലതും ചരിത്രത്തില്‍നിന്ന് നീക്കിക്കൊണ്ടിരിക്കയാണ്. പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണം തന്നെ അതിന്റെ ഭാഗമാണ്.
പാര്‍ലമെന്റ് മന്ദിരം മാത്രമല്ല, ജനാധിപത്യം തന്നെ ഇല്ലാതായേക്കുമോ എന്നു സംശയിക്കുന്നവരുണ്ട്. വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന മാറ്റുമെന്ന് ബി.ജെ.പി. നേതാക്കള്‍ പറയാന്‍ തുടങ്ങിയത് അതിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനാണു സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന സൂചനകള്‍ ശക്തമാണ്.'- മുഖപ്രസംഗത്തില്‍ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group