Join News @ Iritty Whats App Group

പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ മൊസാദിന് പങ്കില്ല; നിലപാട് വ്യക്തമാക്കി ഇസ്രയേല്‍


ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി ഇസ്രയേല്‍. റെയ്‌സിയുടെ മരണത്തില്‍ ഇസ്രയേലിന് പങ്കുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അധികൃതരുടെ പ്രതികരണം. എന്നാല്‍ പ്രസിഡന്റിന്റെ മരണത്തില്‍ ശത്രുരാജ്യങ്ങള്‍ക്കും മൊസാദിനും പങ്കുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. ഇതില്‍ ഔദ്യോഗികമായ വിവരങ്ങളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ല.

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ഹെലികോപ്ടര്‍ അപകട വാര്‍ത്ത ഏറെ ദുരൂഹതകളുണര്‍ത്തുന്നുണ്ട്. ഇറാനിലും പുറത്തും ഇബ്രാഹിം റെയ്സിയ്ക്ക് ശത്രുക്കള്‍ക്ക് കുറവൊന്നുമുണ്ടായിരുന്നില്ലെന്നതാണ് സംഭവം ഇത്രയേറെ ദുരൂഹമാകുന്നത്. എന്നാല്‍ അപകടത്തില്‍ ഇത്രയേറെ സംശയങ്ങള്‍ ജനിപ്പിക്കുന്നതിന് കാരണം കഴിഞ്ഞ കുറച്ച് നാളുകളായി ഇറാന്‍ സ്വീകരിച്ച് പോന്നിരുന്ന നിലപാടുകളാണ്.

വടക്കുപടിഞ്ഞാറന്‍ ഇറേനിയന്‍ പ്രവിശ്യയായ ഈസ്റ്റ് അസര്‍ബൈജാനിലെ ജോല്‍ഫ നഗരത്തില്‍ ഇന്നലെ റെയ്‌സിയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയെന്നാണ് ഇറേനിയന്‍ മാധ്യമങ്ങള്‍ അറിയിച്ചത്.

ഈസ്റ്റ് അസര്‍ബൈജാന്‍ ഗവര്‍ണര്‍ മാലിക് റഹ്മാതി അടക്കമുള്ളവരും ഈ കോപ്റ്ററില്‍ ഉണ്ടായിരുന്നു. അയല്‍ രാജ്യമായ അസര്‍ബൈജാനിലെ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനൊപ്പം അണക്കെട്ട് ഉദ്ഘാടനംചെയ്തു മടങ്ങുകയായിരുന്നു റെയ്‌സി. അദ്ദേഹവും അനുചരരും മൂന്നു ഹെലികോപ്റ്ററുകളിലാണ് സഞ്ചരിച്ചത്.

ഇസ്രായേല്‍-ഹമാസ് ആക്രമണങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കും പിന്നാലെ ഇസ്രായേലിനെതിരെ പലകുറി കടുത്ത നിലപാടുകളെടുത്ത ഭരണാധികാരി ആയിരുന്നു ഇബ്രാഹിം റെയ്സി. ഇസ്രായേലിന്റെ പോര്‍വിളിയ്ക്ക് മുന്നില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് അറിയിക്കാനും ഇബ്രാഹിം രണ്ടാമതൊന്ന് ചിന്തിച്ചിരുന്നില്ല.

സിറിയയിലെ ഇറാന്‍ എംബസിയ്ക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. 300ഓളം മിസൈലുകളും ഡ്രോണുകളും ഇസ്രായേലിലേക്ക് തൊടുത്തായിരുന്നു ഇറാന്‍ ഇതിന് മറുപടി പറഞ്ഞത്. ഇറാന്റെ ആണവോര്‍ജ്ജ സംവിധാങ്ങളെ ഇസ്രായേല്‍ ലക്ഷ്യമിട്ടാല്‍ ആണവായുധം നിര്‍മ്മിക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ തന്നെ ഇരുരാജ്യങ്ങളും ഒരു തുറന്ന യുദ്ധത്തിലേക്ക് പോകാനുള്ള സാധ്യതകളും നിലനിന്നിരുന്നു. ഇസ്രായേല്‍-ഹമാസ് പോരാട്ടങ്ങള്‍ക്കിടയില്‍ ഇസ്രായേലിനെതിരെ ഇത്രയും നിലപാട് കടുപ്പിച്ച് രംഗത്തെത്തിയ ഏക രാജ്യവും ഇറാന്‍ തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ ഇബ്രാഹിം റെയ്സിയുടെ അപകട മരണത്തില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ കറുത്ത കരങ്ങളുണ്ടോയെന്ന സംശയം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശക്തമാണ്.

അതേസമയം മോശം കാലാവസ്ഥയില്‍ ഹെലികോപ്ടര്‍ തിരഞ്ഞെടുത്തതും സംശയങ്ങള്‍ ജനിപ്പിക്കുന്നുണ്ട്. ലെവല്‍ 1ല്‍ മാത്രം ഉപയോഗിക്കുന്ന ഹെലികോപ്ടര്‍ ഇത്തരമൊരു കാലാവസ്ഥയില്‍ ഉപയോഗിച്ചതിലും ദുരൂഹത നിലനില്‍ക്കുന്നു. 1968ല്‍ വികസിപ്പിച്ച ബെല്‍ 212 എന്ന ഹെലികോപ്ടറിലായിരുന്നു ഇബ്രാഹിം റെയ്സിയുടെ അന്ത്യ യാത്ര. ബെല്‍ 212 അത്യാധുനിക തരത്തിലുള്ള ഒരു മോഡല്‍ അല്ല.

ഇബ്രാഹിം റെയ്സിയുടെ അപകട മരണത്തിന് ഇറാനില്‍ നിന്ന് തന്നെ മൊസാദിന് പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കുന്നവരും ഏറെയാണ്. അധിരകാര സിംഹാസനത്തിലേക്ക് റെയ്സി കടന്നുവന്നതിന് പിന്നാലെ തടവിലാക്കപ്പെട്ട നിരവധി രാഷ്ട്രീയ നേതാക്കളുണ്ട്. സൈനിക ഉദ്യോഗസ്ഥരെയും മതമേലധ്യക്ഷന്‍മാരെയും ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തിയുള്ള ഭരണത്തെ എതിര്‍ക്കുന്നവരും ധാരാളമുണ്ട് ഇറാനില്‍.

Post a Comment

Previous Post Next Post
Join Our Whats App Group