Join News @ Iritty Whats App Group

ഡ്രൈവിംഗ് സ്‌കൂളുകളുടെ സമരം തുടരുന്നു ; പോലീസ് സംരക്ഷണയില്‍ ടെസ്റ്റ് നടത്താന്‍ എംവിഡി

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂളുകള്‍ സമരം നടത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധം തുടരുകയാണ്. പോലീസ് സംരക്ഷണയോടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് നീക്കം നടത്തിയെങ്കിലും മിക്കയിടത്തും ഐഎന്‍ടിയുസി സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടന്നു.

പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ പ്രവര്‍ത്തനം തടസ്സപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് പോലീസ് സംരക്ഷണയില്‍ ടെസ്റ്റുകള്‍ നടത്താന്‍ എംവിഡി ആലോചിച്ചത്. നിലവിലെ രീതിയിലാണ് ടെസ്റ്റ് നടത്തുന്നതെന്നാണ് ഗതാഗത കമീഷണറേറ്റിന്റെ നിലപാട്. സമരക്കാര്‍ ചൂണ്ടിക്കാട്ടുന്ന സര്‍ക്കുലറിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് മൂന്നു മുതല്‍ ആറ് മാസം വരെ സാവകാശം നല്‍കിയെന്നും പറയുന്നു.

പ്രതിദിന ലൈസന്‍സുകളുടെ എണ്ണം നാല്‍പതിലും കൂട്ടണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്സ് സമിതി, ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ അടക്കം സംഘടനകള്‍ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കും വരെ പണിമുടക്കില്‍ ഉറച്ചു നില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.

സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാനും ഇവര്‍ തീരുമാനം എടുത്തിട്ടുണ്ട്. അടുത്തയാഴ്ച ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. ഇന്നലെ മിക്കയിടങ്ങളിലും ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ സമരം നടന്നിരുന്നു. മറ്റ് സംഘടനകള്‍ സമരം ശക്തമാക്കിയത് സിഐടിയുവിനെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group