Join News @ Iritty Whats App Group

ആഭരണം തിളക്കംകൂട്ടാമെന്ന് പറഞ്ഞ് ഹിന്ദിക്കാർ വീട്ടിൽ; ഒന്നര പവന്റെ താലിമാല നൽകി, പൊതിയഴിച്ചപ്പോൾ അരപവൻ്റെ മാല



കുട്ടനാട്: ആഭരണം തിളക്കംകൂട്ടി നൽകാമെന്നു പറഞ്ഞ് വീട്ടിലെത്തിയ ഇതരസംസ്ഥാനക്കാർ വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്തു കടന്നു. മങ്കൊമ്പ് അറുപതിൻച്ചിറ കോളനിയിൽ ആതിരഭവനിൽ തുളസി അനിലിന്റെ ഒരുപവൻ തൂക്കംവരുന്ന മാലയാണ് കവർന്നത്. ഇതുസംബന്ധിച്ച് വീട്ടമ്മ പുളിങ്കുന്ന് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഹിന്ദി സംസാരിക്കുന്ന രണ്ടുപേർ കഴിഞ്ഞ ദിവസം ഉച്ചയോടെ സ്വർണം, വെള്ളി ആഭരണങ്ങൾ തിളക്കംകൂട്ടി നൽകാമെന്നു പറഞ്ഞ് വീട്ടിലെത്തി. ഇവർക്ക് തുളസി കൊച്ചുമകളുടെ വെള്ളി പാദസരവും താലിമാലയും തിളക്കംകൂട്ടാൻ നൽകി. പാദസരം തിളക്കം കൂട്ടി നൽകിയ തട്ടിപ്പുകാർ തുളസിയുടെ ഒന്നരപ്പവന്റെ താലിമാല തിരികെ നൽകാതെ മുങ്ങുകയായിരുന്നു. മാല ഒരു ലായനിയിൽ മുക്കിയശേഷം കടലാസിൽ പൊതിഞ്ഞ് തുളസിക്ക് നൽകി. രണ്ടു മണിക്കൂറിനു ശേഷമേ തുറക്കാവൂ എന്ന് പറഞ്ഞ് 50 രൂപ കൂലിയും വാങ്ങി ഇരുവരും പോയി. പൊതി അഴിച്ചുനോക്കിയ തുളസി കണ്ടത് ഒന്നരപ്പവൻ്റെ മാലയ്ക്കു പകരം അരപ്പവന്റെ മറ്റൊരു മാലയായിരുന്നു. അപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. സംഭവത്തിൽ വീട്ടമ്മ പുളിങ്കുന്ന് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group