കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര കലയപുരത്ത് റോഡ് വശത്ത് നിർത്തിയിട്ട കാറിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അങ്ങാടിക്കൽ എസ്.എൻ.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ അടൂർ പറക്കോട് സ്വദേശി ആർ. മണികണ്ഠനാണ് മരിച്ചത്. 51 വയസായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് അധ്യാപകനെ കാറിനുള്ളിൽ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എം.സി റോഡിന്റെ വശത്ത് നിർത്തിയിട്ട കാറിന്റെ മുൻവശത്തെ ഇടതു സീറ്റിൽ ആണ് മൃതദേഹം കണ്ടത്. ഏറെ നേരമായി വാഹനം ഒരേ സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്നത് കണ്ട് നാട്ടുകാർ പരിശോധിക്കുകയായിരുന്നു.
കലയപുരത്ത് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർ വശത്തായിരുന്നു കാർ നിർത്തിയിട്ടിരുന്നത്. വ്യാഴാഴ്ച ഉച്ച മുതൽ തന്നെ കാർ ഇവിടെ ഉണ്ടായിരുന്നെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. രാത്രിയാണ് നാട്ടുകാർ കാറിനടുത്തെത്തി പരിശോധിച്ചത്. തുടർന്ന് നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസും പിന്നീട് ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post a Comment