Join News @ Iritty Whats App Group

തമ്മനം ഫൈസല്‍ എന്ന ജോര്‍ജ് ജോസഫ് 'ഭായ്‌നസീറി'ന്റെ വിശ്വസ്തന്‍ ; എട്ടുവര്‍ഷം മുമ്പ് 'പണി' നിര്‍ത്തി, ഇപ്പോള്‍ നഗരത്തിലെ കക്കൂസ് മാലിന്യം ശേഖരിച്ചു മാറ്റുന്ന കരാര്‍ ജോലി



കൊച്ചി: കൊച്ചിയിലെ ഗുണ്ടാ നേതാവായ ഭായ് നസീറിന്റെ വിശ്വസ്തനായിരുന്നു ഒരുകാലത്ത് തമ്മനം ഫൈസല്‍. തമ്മനം സ്വദേശിയായ ഫൈസല്‍ അങ്കമാലിയിലെത്തിയെങ്കിലും പഴയ പേര് മാറിയില്ല. ശരിക്കുള്ള പേര് ജോര്‍ജ് ജോസഫ്. വിവാഹത്തോടെയാണു അങ്കമാലി പുളിയനത്തുള്ള ഭാര്യാ വീട്ടില്‍ താമസമാക്കിയത്. പിന്നെ വാടകവീട്ടിലേക്കു മാറി. നഗരത്തിലെ വീടുകളില്‍നിന്നു കക്കൂസ് മാലിന്യം ശേഖരിച്ചു പലയിടങ്ങളില്‍ തട്ടലാണു ഇപ്പോള്‍ ഫൈസലിന്റെ ബിസിനസ്. നിരവധി കക്കൂസ് മാലിന്യ ടാങ്കര്‍ ലോറികളും ഫൈസലിനുണ്ട്.

വണ്ടികള്‍ ഓടിക്കലും അകമ്പടി പോകലുമാണു സംഘാംഗങ്ങളുടെ തൊഴില്‍. കൊച്ചിയില്‍ രണ്ടു കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളാണുള്ളത്. ഭായ് നസീറും മരട് അനീഷുമാണു സംഘത്തലവന്മാര്‍. ഇതില്‍ ഭായ് നസീറിന്റെ വലംകൈയായിരുന്നു തമ്മനം ഫൈസല്‍. 2016 മുതല്‍ ഫൈസല്‍ ഗുണ്ടാപണി നിര്‍ത്തിയെന്നാണു പോലീസ് പറയുന്നത്. എന്നാല്‍, 2021ല്‍ ഒരു അടിപിടി കേസുണ്ടായതോടെയാണു ഫൈസല്‍ പോലീസിനു മുന്നില്‍ വീണ്ടുമെത്തുന്നത്. ഗുണ്ടാസംഘത്തിലെ ഒരാളുടെ പിതാവ് മരിച്ചപ്പോള്‍ വൈരം മറന്നു ഇരുസംഘത്തില്‍പ്പെട്ടവരും ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു. അവിടെ വച്ചു മരട് അനീഷിന്റെ സംഘത്തില്‍പെട്ട ഒരാള്‍ ഫൈസലുമായി ഉരസി.

അയാളെ അടിച്ചു വാഹനത്തില്‍ കയറ്റി മണിക്കൂറുകളോളം അയാളുമായി കറങ്ങി വണ്ടിയിലിട്ടു മര്‍ദിച്ചശേഷം ആലുവയിലെ ആശുപത്രിയിലാക്കി സ്ഥലംവിടുകയായിരുന്നു ഫൈസല്‍. തുടര്‍ന്നയാള്‍ വിദഗ്ധചികില്‍സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറി. സംഭവം ചിത്രീകരിച്ച വീഡിയോ പുറത്തായതോടെയാണു ഫൈസല്‍ വീണ്ടും പോലീസ് ശ്രദ്ധയില്‍പെടുന്നത്.

സംഭവം നടന്നു 11 ദിവസത്തിനുശേഷം എറണാകുളം സൗത്ത് പോലീസ് കേസെടുത്തതോടെ വാര്‍ത്ത പുറത്തുവന്നു. എന്നിട്ടും ഫൈസലിനെതിരേ പരാതി നല്‍കാന്‍ മര്‍ദനമേറ്റയാള്‍ തയാറായിരുന്നില്ല. നിര്‍ബന്ധിച്ചാണു പോലീസ് കേസെടുത്തത്. ഈ കേസില്‍ ജാമ്യമെടുത്തു നടക്കവേയാണു കഴിഞ്ഞാഴ്ച മമ്മൂട്ടിയുടെ പുതിയ സിനിമയുടെ റിലീസിങ് ഗുണ്ടകളുടെ നേതൃത്വത്തില്‍ ആഘോഷിച്ച വീഡിയോ വൈറലായത്. ഫൈസലിന്റെ സംഘാംഗമായ മാറമ്പള്ളി സ്വദേശിയും വീഡിയോയില്‍ ഉണ്ടായിരുന്നു. ഇതോടെയാണു ഫൈസല്‍ വീണ്ടും പോലീസിന്റെ ശ്രദ്ധയില്‍ വരുന്നത്. കേസില്ലാത്തതിനാല്‍, പോലീസും ഫൈസലിനെ ശ്രദ്ധിച്ചിരുന്നില്ല.

ഗുണ്ടാ നേതാക്കളുടെ വീട്ടില്‍ നടത്തുന്ന 'ഓപ്പറേഷന്‍ ആഗ്' നടക്കുന്ന സമയമായതിനാല്‍, തമ്മനം ഫൈസലിനെ പറ്റി അന്വേഷിക്കണമെന്നു പോലീസ് ഹെഡ്ക്വാട്ടേഴ്‌സില്‍നിന്നു നിര്‍ദേശമെത്തി. അതോടെയാണു അങ്കമാലി പോലീസ് എസ്.ഐ. ഫൈസലിനെ തപ്പി വീട്ടിലെത്തുന്നത്. സി.ഐയും എസ്.ഐയും സ്ഥലം മാറി വന്നവരായതിനാല്‍ ഫൈസലിനെ മുന്‍പരിചയവും ഇല്ലായിരുന്നു. ആദ്യം ചെന്നപ്പോള്‍ ഫൈസല്‍ ഉണ്ടായിരുന്നില്ല. പകല്‍ മുഴുവന്‍ സമയവും ഫൈസല്‍ എറണാകുളത്തായിരിക്കും. രാത്രിവൈകിയാണു വീട്ടിലെത്തുന്നത്.

26 ന് അവധിയായതിനാലാണു വീട്ടിലുണ്ടായിരുന്നത്. വൈകിട്ടു 6.30 നാണ് ഡിവൈ.എസ്.പി: സാബുവും സംഘവും ഫൈസലിന്റെ വീട്ടിലെത്തിയത്. പിന്നാലെ ഇതൊന്നുമറിയാതെ പിന്നാലെ അങ്കമാലി എസ്.ഐയുമെത്തി. സംഭവം നടക്കുമ്പോള്‍ ഫൈസലിന്റെ മൂന്നു ജോലിക്കാര്‍ മുറ്റത്തുണ്ടായിരുന്നു. ഇവരില്‍നിന്നാകാം വീഡിയോ പുറത്തുപോയതെന്നാണു പോലീസ് പറയുന്നത്. പഴയ സംഘാംഗങ്ങളില്‍ പലരും ഫൈസലിന്റെ തൊഴിലാളികളാണിപ്പോള്‍. ഡിവൈ.എസ്.പി: സാബു ഏറെക്കാലം അങ്കമാലി സ്‌റ്റേഷനില്‍ ജോലി ചെയ്തിട്ടുണ്ട്.

ഈ സമയത്താണു ഫൈസലുമായി അടുപ്പം തുടങ്ങിയത്. മരട് അനീഷിന്റെ സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കാന്‍ പോലീസ് മുഖ്യമായും ആശ്രയിക്കുന്നതു ഫൈസലിനേയാണ്. ഇതാണു പോലീസുമായുള്ള അടുപ്പത്തിനു കാരണമെന്നും പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group