Join News @ Iritty Whats App Group

5ജിക്ക് വേണ്ടി ഇറക്കിയതൊക്കെ ഇരട്ടിയായി തിരിച്ചുപിടിക്കാൻടെലികോം കമ്പനികൾ; കോൾ, ഡേറ്റ നിരക്കുകൾ കൂട്ടിയേക്കും


പൊതുതെരഞ്ഞെടുപ്പിന് ശേഷം നിരക്ക് വർധിപ്പിക്കാനൊരുങ്ങി ടെലികോം സേവന ദാതാക്കൾ. കോൾ, ഡേറ്റ നിരക്കുകളിൽ ഏകദേശം 25% വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. 5 ജി സേവനങ്ങളൊരുക്കുന്നതിന് ടെലികോം കമ്പനികൾ വലിയ തോതിലുള്ള നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ നിരക്ക് വർധനയിലൂടെ ചെലവായ തുക തിരിച്ചുപിടിക്കുന്നതിന് കമ്പനികൾ ഒരുങ്ങുന്നതായി ആക്സിസ് ക്യാപിറ്റൽ റിപ്പോർട്ട് പറയുന്നു. ടെലികോം കമ്പനികളുടെ ശരാശരി പ്രതിശീർഷ വരുമാനവും ഉയരും. ഭാരതി എയർടെല്ലിന് ശരാശരി 29 രൂപ ഓരോ ഉപയോക്താവിൽ നിന്നും അധികമായി ലഭിക്കും. ജിയോയ്ക്ക് 26 രൂപയാണ് ലഭിക്കുകയെന്ന് ആക്‌സിസ് ക്യാപിറ്റൽ കണക്കാക്കുന്നു.
 
മാർച്ച് വരെയുള്ള പാദത്തിൽ ജിയോയുടെ ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 181.7 രൂപയാണ്. അതേസമയം ഭാരതി എയർടെല്ലിന്റെയും വോഡഫോൺ ഐഡിയയുടെയും 2023 ഒക്ടോബർ-ഡിസംബർ കാലയളവിലെ വരുമാനം യഥാക്രമം 208 രൂപയും 145 രൂപയുമാണ്. നിരക്ക് വർദ്ധനയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഭാരതി എയർടെല്ലും ജിയോയും ആയിരിക്കുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു. 2019 സെപ്റ്റംബറിനും 2023 സെപ്റ്റംബറിനും ഇടയിൽ, കഴിഞ്ഞ മൂന്ന് തവണയായി നിരക്ക് 14-102% വർദ്ധിപ്പിച്ചു.
 
തീരുവയിൽ 25 ശതമാനം വർധനയുണ്ടായാൽ സാധാരണക്കാരുടെ പോക്കറ്റിൽ എത്രമാത്രം ആഘാതമുണ്ടാകുമെന്നതാണ് ഇപ്പോൾ ഉയരുന്ന ഏറ്റവും വലിയ ചോദ്യം. എല്ലാ മാസവും 200 രൂപ റീചാർജ് ചെയ്യുന്നർക്ക് അധികമായി 50 രൂപ ചെലവാകും . അതായത് 200 രൂപയുടെ താരിഫ് പ്ലാൻ 250 രൂപയായി ഉയരും. , 500 രൂപയുടെ റീചാർജ് 25 ശതമാനം വർധിച്ച് 625 രൂപയാകും. 1000 രൂപ റീചാർജ് ചെയ്യുകയാണെങ്കിൽ, നിരക്ക് 250 രൂപ വർദ്ധിക്കുകയും മൊത്തം താരിഫ് 1250 രൂപ ആകുകയും ചെയ്യും

Post a Comment

Previous Post Next Post
Join Our Whats App Group