അന്താരാഷ്ട്ര കോടതിയുള്‍പ്പെടെ സമ്മര്‍ദം ചെലുത്തുമ്പോഴും ഗാസയിലെ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. റഫയില്‍ അഭയാര്‍ഥികൾ കഴിയുന്ന ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് ഇരകളായവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും പലസ്തീന്‍ സര്‍ക്കാരിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ടാല്‍ അസ് സുല്‍ത്താന്‍ പ്രദേശത്തിന് പുറമെ ജബാലിയ, നുസൈറത്ത്, ഗാസ സിറ്റി എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം ഇസ്രയേല്‍ രൂക്ഷമായ ആക്രമണങ്ങള്‍ നടത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അഭയാര്‍ഥികളായി ആയിരക്കണക്കിന് പലസ്തീനികള്‍ കഴിയുന്ന ടാല്‍ അസ്-സുല്‍ത്താനിലെ ക്യാപുകള്‍ക്ക് നേരെയാണ് കടുത്ത ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎന്‍ആര്‍ഡബ്ല്യുഎ ലോജിസ്റ്റിക്‌സ് സ്‌പേസിന് സമീപത്തുള്ള ക്യാംപാണ് ആക്രമിക്കപ്പെട്ടത്.
യുഎന്‍ നിയന്ത്രണത്തിലുള്ള സ്ഥലം എന്ന നിലയില്‍ സുരക്ഷിതമാണെന്ന് കരുതി നിരവധി പേരാണ് ഇവിടങ്ങളില്‍ പ്ലാസ്റ്റിക്കും തുണിയും കൊണ്ട് നിര്‍മ്മിച്ച ടെന്റുകള്‍ തയ്യാറാക്കി താമസിച്ച് വന്നിരുന്നത്. പെട്ടെന്ന് തീപിടിക്കുന്ന വസ്തുകളാലാണ് താല്‍ക്കാലിക വാസസ്ഥലങ്ങള്‍ നിര്‍മ്മിച്ചിരുന്നത് എന്നതുകൊണ്ട് തന്നെ ആക്രമണം വലിയ തീപിടിത്തത്തിന് കാരണമായത് മരണ സംഖ്യ ഉയര്‍ത്തി.മണിക്കൂറുകളോളം ശ്രമിച്ചാണ് പ്രദേശത്തെ തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, പ്രദേശത്തെ ആരോഗ്യ സംവിധാനങ്ങള്‍ പരുക്കേറ്റവര്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ പോലും പര്യാപ്തമല്ലാത്തത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.
എന്നാല്‍, റഫയിലെ ഹമാസ് കേന്ദ്രത്തിലാണ് തങ്ങള്‍ ആക്രമണം നടത്തിയത് എന്നാണ് ഇസ്രയേല്‍ നല്‍കുന്ന വിശദീകരണം. ഹമാസിന്റെ വെസ്റ്റ് ബാങ്കിന്റെ ചീഫ് ഓഫ് സ്റ്റാഫിനെയും മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനെയും ലക്ഷ്യമിട്ടാണ് തങ്ങളുടെ സൈനിക നീക്കം, വ്യക്തമായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വിശദീകരിക്കുന്നു. ആക്രമണത്തില്‍ രണ്ട് നേതാക്കളും കൊല്ലപ്പെട്ടതായും ഇസ്രയേല്‍ അവകാശപ്പെട്ടു.
Post a Comment