Join News @ Iritty Whats App Group

കര്‍ശന നിർദേശം നൽകി മന്ത്രി; സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, 25ന് ശുചീകരണ ദിനം

തിരുവനന്തപുരം: മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത തൊഴിലാളി, മഹിളാ, യുവജന സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാ സംഘടനകളും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ജൂൺ മൂന്നിന് രാവിലെ 9.30 ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രാദേശികാടിസ്ഥാനത്തിൽ പ്രവേശനോത്സവം നടക്കും.

സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതുവായ ഒരു മാർഗ്ഗനിർദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അത് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. സ്‌കൂൾ പരിസരം, ക്ലാസ് മുറികൾ, ടോയ്‌ലറ്റ്‌, കുട്ടികൾ ഉപയോഗിക്കുന്ന മറ്റു പൊതുവായ സ്ഥലങ്ങൾ എന്നിവയെല്ലാം വൃത്തിയാക്കണം.

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. സ്‌കൂളുകൾ തുടർച്ചയായി അടഞ്ഞു കിടക്കുന്നതിനാൽ ഇഴജന്തുക്കൾ കയറിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group