Join News @ Iritty Whats App Group

കൊച്ചിയില്‍ വീണ്ടും ശൗചാലയത്തില്‍ പ്രസവം ; കൊല്ലം സ്വദേശിയായ അവിവാഹിത ഹോസ്റ്റലിന്റെ ശൈചാലയത്തില്‍ പ്രസവിച്ചു ; 23 കാരിയേയും ആണ്‍കുഞ്ഞും ആശുപത്രിയില്‍


കൊച്ചി : കൊച്ചിയില്‍ വീണ്ടും ശൗചാലയത്തില്‍ പ്രസവം. ഹോസ്റ്റല്‍ ശൗചാലയത്തില്‍ കൊല്ലം സ്വദേശിയായ അവിവാഹിതയാണു പ്രസവിച്ചത്. പോലീസില്‍ വിവരം അറിയിച്ചത് ഒപ്പം താമസിച്ചിരുന്നവര്‍. ഇന്നലെ രാവിലെ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിനു സമീപത്തെ വനിതാ ഹോസ്റ്റലിലാണു സംഭവം. ഇരുപത്തിമൂന്നുകാരിയായ അവിവാഹിതയെയും ആണ്‍കുഞ്ഞിനെയും പോലീസെത്തി എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയാണു യുവതി. ആറുപേരുള്ള മുറിയിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം ഒപ്പമുള്ളവര്‍ അറിഞ്ഞിരുന്നില്ല. മുമ്പു ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതു കണ്ട് ഒപ്പം താമസിക്കുന്നവര്‍ കാര്യം തിരക്കിയിരുന്നെങ്കിലും ഗ്യാസിന്റെ പ്രശ്‌നമാണെന്നായിരുന്നു മറുപടി. ഇന്നലെ രാവിലെ ശൗചാലയത്തില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങിയില്ല.

സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍ അഞ്ചുപേരും ചേര്‍ന്നു വാതില്‍ ബലംപ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോള്‍ കൈയില്‍ നവജാതശിശുവിനെയും പിടിച്ചു നില്‍ക്കുന്ന യുവതിയാണു കണ്ടത്. ഇതോടെയാണു വിവരം പോലീസിനെ അറിയിച്ചത്. കൊല്ലം സ്വദേശിയായ സുഹൃത്തില്‍നിന്നാണു ഗര്‍ഭം ധരിച്ചതെന്നു യുവതി പോലീസിനു മൊഴി നല്‍കി. തുടര്‍ന്ന് യുവാവിന്റെയും യുവതിയുടെയും മാതാപിതാക്കളെ പോലീസ് എറണാകുളത്തേക്കു വിളിപ്പിച്ചു. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്നു നോര്‍ത്ത് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group