Join News @ Iritty Whats App Group

ചൂട് കടുക്കും; പോളിംഗ് ബൂത്തിലേക്ക് വരുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കണ്ട, പാലക്കാട് പ്രത്യേക ജാഗ്രത


തിരുവനന്തപുരം: കേരളം അതികഠിനമായ ചൂടിനിടെ പോളിംഗ് ബൂത്തിലെത്തിയിരിക്കുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ വോട്ടിംഗ് സംസ്ഥാനത്ത് ഇന്ന് പുരോഗമിക്കുമ്പോള്‍ ചൂട് വെല്ലുവിളിയായേക്കും എന്ന ആശങ്കയുണ്ട്. പാലക്കാട് ജില്ലയില്‍ ഉഷ്‌ണതരംഗ സാധ്യത നിലനില്‍ക്കുന്നു. മറ്റ് ജില്ലകളിലും കനത്ത ചൂടാണ് ഇന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പോളിംഗ് ബൂത്തിലേക്ക് വരുമ്പോള്‍ വോട്ടര്‍മാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. 

1. തൊപ്പി, കുട കയ്യില്‍ കരുതുക.
2. ഇളംനിറത്തിലുള്ള കോട്ടന്‍ വസ്‌ത്രങ്ങള്‍ ധരിക്കുക. 
3. ദാഹമകറ്റാന്‍ കുടിവെള്ളം കരുതാം. ധാരാളം വെള്ളം കുടിക്കുക.  
4. വോട്ട് രേഖപ്പെടുത്താനായി വരിയില്‍ നില്‍ക്കുമ്പോള്‍ വെയില്‍ നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. 
5. ആവശ്യമെങ്കില്‍ സണ്‍സ്‌ക്രീന്‍ ലേപനങ്ങള്‍ പുരട്ടുക.
6. ദിവസവും മരുന്ന് കഴിക്കുന്നവര്‍ തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും അത് മുടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. 
7. കുട്ടികളെ പോളിംഗ് ബൂത്തിലേക്ക് കൊണ്ടുപോകുന്നത് പരമാവധി ഒഴിവാക്കുക.
8. ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക
9. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഉടന്‍ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക. 

കനത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ പോളിംഗ് സ്റ്റേഷനുകളില്‍ അവശ്യ സൗകര്യങ്ങളെല്ലാം ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം കുടിവെള്ളം, ക്യൂനില്‍ക്കുന്നവര്‍ക്ക് തണല്‍, മുതിര്‍ന്ന വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം, ഭിന്നശേഷിക്കാര്‍ക്ക് വീല്‍ ചെയര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍, ടോയ്‌ലറ്റ് സംവിധാനം തുടങ്ങിയ എല്ലാ പോളിംഗ് ബൂത്തിലും ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പ് ദിനമായ ഇന്ന് പാലക്കാട് 41 ഡിഗ്രി വരെ ചൂട് ഉയരും എന്നാണ് കണക്കാക്കുന്നത്. മറ്റ് ജില്ലകളിലും കനത്ത ചൂടുണ്ടാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group