Join News @ Iritty Whats App Group

പസഫിക്ക് സമുദ്രത്തിലെ താപനില കൂടുന്ന 'എല്‍നിനോ' അവസാനിച്ചു ; പകരം കടല്‍ തണുക്കുന്ന 'ലാ നിന' സംജാതമാകുന്നു ; മേയ് പാതിയോടെ ശക്തമായ വേനല്‍ മഴ, മണ്‍സൂണും നേരത്തേ


കൊച്ചി : പസഫിക് മഹാസമുദ്രത്തിന്റെ താപനില വര്‍ധിപ്പിക്കുന്ന എല്‍നിനോ സാഹചര്യം അവസാനിക്കുകയും കടല്‍ തണുക്കുന്ന 'ലാ നിന' സംജാതമാകുകയും ചെയ്തത് മണ്‍സൂണിന് പ്രതീക്ഷ പകര്‍ന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കാലാവസ്ഥാ ഘടകങ്ങള്‍ കൂടി അനുകൂലമായാല്‍ മേയ് ഒടുവില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളതീരം തൊടാമെന്ന് കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. എസ്. അഭിലാഷ് സൂചിപ്പിച്ചു. പുതിയ കാലാവസ്ഥാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മേയ് പാതിയോടെ വേനല്‍ മഴ ശക്തമാകും. കടുത്ത വേനലിനു ശേഷം വീണ്ടുമൊരു മഴക്കാലത്തിലേക്കു കേരളം തിരിച്ചെത്തുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

സൂര്യരശ്മികള്‍ ലംബമായി പതിക്കുന്നതില്‍നിന്നു മാറി, ചരിഞ്ഞു പതിക്കാനാരംഭിച്ചത് അന്തരീക്ഷതാപനിലയിലും കുറവുവരുത്തും. അള്‍ട്രാവയലറ്റ് ഇന്‍ഡക്‌സ് താഴുന്നതുമൂലം അ നുഭവവേദ്യമാകുന്ന ചൂട് കുറയും. മേയ് പാതിയോടെ മഴ ശക്തമാകുന്നതിനു പിന്നാലെ കാലതാമസമില്ലാതെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവും കേരളത്തിലെത്തിയേക്കാം. നേരിയ മാറ്റമുണ്ടായാല്‍പ്പോലും കാലവര്‍ഷം ജൂണിന്റെ തുടക്കത്തില്‍ത്തന്നെ പെയ്തുതുടങ്ങും. എല്‍നിനോ പിന്‍വാങ്ങിയതാണ് ആഗോളതലത്തില്‍ കാലാവസ്ഥയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് അഭിലാഷ് പറഞ്ഞു.

ലാ നിന പ്രതിഭാസം മൂലം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മണ്‍സൂണിന് കൂടുതല്‍ ഗുണം ചെയ്യും. ലാ നിനയുടെ പശ്ചാത്തലത്തില്‍ വരുന്ന മണ്‍സൂണ്‍ സീസണ്‍ രാജ്യമൊട്ടൊകെ കൂടുതല്‍ മഴ കിട്ടുമെന്നു കാലാവസ്ഥാ കേന്ദ്രം സൂചന നല്‍കിക്കഴിഞ്ഞു. ലാ നിന ശക്തമാകുകയും അതോടൊപ്പം അറബിക്കടല്‍ ഇന്ത്യന്‍ മഹാസമുദ്രത്തേക്കാള്‍ ചൂടുപിടിക്കുന്ന ഇന്ത്യന്‍ ഓഷ്യന്‍ ഡെപോള്‍ (ഐ.ഒ.ഡി) എന്ന പ്രതിഭാസം രൂപമെടുക്കുകയും ചെയ്താല്‍ അതിശക്തമായ മണ്‍സൂണ്‍ മഴയ്ക്കുള്ള സാധ്യത ഉരുത്തിരിയും. ഐ.ഒ.ഡി. രൂപമെടുത്താല്‍ ലഘു മേഘവിസ്‌ഫോടനങ്ങള്‍ക്കു കാരണമാകും. ലാനിനയും ഐ.ഒ.ഡിയും ഒരുമിച്ചു വന്നാല്‍ പ്രതീക്ഷിക്കുന്നതിനപ്പുറം മഴയ്ക്കും അതുമൂലമുള്ള കെടുതികള്‍ക്കും കാരണമാകും.

123 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു 2023, അതിന്റെ തുടര്‍ച്ചയായിരുന്നു 2024. ഇന്ത്യയില്‍ മാത്രമല്ല, വിയ്റ്റ്‌നാം, കമ്പോഡിയ, മ്യാന്‍മര്‍, അറ്റ്‌ലാന്‍ിക്, പസഫിക് മേഖലകളില്‍ സാധാരണയില്‍നിന്ന് ശരാശരി ഒന്നുമുതല്‍ മൂന്നു ഡിഗ്രി വരെ കൂടുതല്‍ ചൂട് ഇക്കാലത്ത് രേഖപ്പെടുത്തി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിവുള്ളതില്‍നിന്ന് ഒന്നരമുതല്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുതല്‍ ആയിരുന്നു. എല്‍നിനോ മൂലം കാറ്റിന്റെ ദിശയില്‍ വന്ന മാറ്റവും ഉഷ്ണം കൂട്ടി. കഴിഞ്ഞ ഫെബ്രുവരിയില്‍പ്പോലും കടുത്ത ചൂടാണ് അനുഭവപ്പെട്ടത്.

മാര്‍ച്ചിലും സ്ഥിതി മോശമായിരുന്നില്ല. മാര്‍ച്ച്-ഏപ്രിലില്‍ സൂര്യരശ്മി ലംബമായി പതിച്ചതും അന്തരീക്ഷ ആര്‍ദ്രത വര്‍ധിച്ചതും താപസൂചിക കൂട്ടി. അന്തരീക്ഷ താപനില 36 ഡിഗ്രിയും അന്തരീക്ഷ ആര്‍ദ്രത 60 ഉം ആയാല്‍ ശരീരത്തിന് അനുഭവവേദ്യമാകുന്ന ചൂട് 45 ഡിഗ്രി സെല്‍ഷ്യസ് ആകും. ഇതാണ് കടന്നുപോകുന്ന ഉഷ്ണകാലത്തെ ഭയാനകമാക്കിയത്. ഈ സാഹചര്യത്തിനാണ് ഇനി മാറ്റം വരാന്‍ പോകുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group