Join News @ Iritty Whats App Group

മലയാളത്തില്‍ വീണ്ടുമൊരു ‘ആടുജീവിതം’? ബ്ലെസിയുമായി സംസാരിച്ചു, അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാകുന്നു; പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍


18 വര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിഞ്ഞ അബ്ദുള്‍ റഹീമിന്റെ ജീവിതം ഇനി സ്‌ക്രീനിലേക്ക്. സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താന്‍ നടത്തിയ യാത്രയും അബ്ദുല്‍ റഹീമിന്റെ ജീവിതവും സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍.

സംവിധായകന്‍ ബ്ലെസിയുമായി ചേര്‍ന്നാണ് ഈ സിനിമ ഒരുക്കാന്‍ ബോബി ചെമ്മണ്ണൂര്‍ പദ്ധതിയിടുന്നത്. ബ്ലെസിയുമായി സംസാരിച്ചെന്നും പോസറ്റീവ് മറുപടിയാണ് ലഭിച്ചതെന്നും ബോബി പ്രസ് മീറ്റില്‍ അറിയിച്ചു. ചിത്രത്തെ ബിസിനസ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല.

സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭം ബോച്ചെ ചാരിറ്റബള്‍ ട്രസ്റ്റിന്റെ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് തീരുമാനം എന്നും ബോബി വ്യക്തമാക്കി. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപയാണ് കൈകോര്‍ത്ത് സമാഹരിച്ചത്. ധനസമാഹരണത്തിലേക്ക് ആദ്യം ഒരു കോടി രൂപ നല്‍കിയത് ബോബി ചെമ്മണ്ണൂര്‍ ആയിരുന്നു.

തുടര്‍ന്ന് ധനസമാഹരണത്തിനായി ബോബി ചെമ്മണ്ണൂര്‍ മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു. അബ്ദുല്‍ റഹീം മോചിതനായി തിരിച്ചെത്തിയാല്‍ ജോലി നല്‍കുമെന്ന് ബോബി വാഗ്ദാനം നല്‍കിയിരുന്നു. അദ്ദേഹത്തിന് സമ്മതമാണെങ്കില്‍ തന്റെ റോള്‍സ്‌റോയ്‌സ് കാറിന്റെ ഡ്രൈവറായി നിയമിക്കാമെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വാഗ്ദാനം.
2006ല്‍ 26-ാം വയസ്സിലാണ് റഹീമിനെ ജയിലിലടച്ചത്. കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ട സ്‌പോണ്‍സറുടെ മകനെ പരിചരിക്കുന്ന ജോലിയാണ് റഹീം ചെയ്തിരുന്നത്. ഈ കുട്ടിക്ക് ഭക്ഷണവും വെള്ളവുമടക്കം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു.

കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24ന് കുട്ടിയെ കാറില്‍ കൊണ്ടു പോകുന്നതിനിടയില്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടുകയും ബോധരഹിതനായ കുട്ടി പിന്നീട് മരിക്കുകയുമായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group