Join News @ Iritty Whats App Group

ഇന്ധനവില കുറയ്ക്കും, വനിത ബിൽ, വന്ദേ ഭാരത് ട്രെയിനുകൾ; പ്രകടനപത്രിക പുറത്തിറക്കി ബിജെപി


ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി. 4 ഭാഗങ്ങളുള്ള പ്രകടനപത്രികയാണ് ബിജെപി പുറത്തിറക്കിയത്. വനിത സംവരണ നിയമം, പുതിയ ക്രിമിനല്‍ നിയമം എന്നിവ നടപ്പാക്കും. ഇന്ധനവില കുറയ്ക്കുമെന്നും റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ചുവര്‍ഷവും സൗജന്യമായി നല്‍കും, ബുള്ളറ്റ് ട്രെയിനുകളും കൂടുതല്‍ വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

ഡല്‍ഹിയില്‍ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. യുവാക്കൾ, സ്ത്രീകൾ, കർഷകർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രതിനിധികൾ എന്നിവരടക്കം കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് പ്രകടന പത്രികയുടെ പതിപ്പ് നൽകിയാണ് പ്രധാനമന്ത്രി ഇത് പുറത്തിറക്കിയത്. ഇന്ത്യയെ രാജ്യാന്തര നിര്‍മാണ ഹബ്ബാക്കും. ലോകമാകെ രാജ്യാന്തര രാമായണ ഉല്‍സവം സംഘടിപ്പിക്കുമെന്നും പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കുമെന്നും ബിജെപി വാഗ്ദാനം നൽകുന്നു.

ലഖ്പതി ദീദി പദ്ധതി, 3 കോടി സ്ത്രീകൾക്കായി വിപുലീകരിക്കും, വനിത സംവരണം പ്രാബല്യത്തിൽ കൊണ്ടുവരും, മെട്രോ റെയിൽ ശൃംഖല വിപുലമാക്കും, അഴിമതിക്കാർക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കും, 6G സാങ്കേതിക വിദ്യ പ്രഖ്യാപിക്കുമെന്നടക്കം നിരവധി പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്. പത്രിക പുറത്തിറക്കിയതിന് പിന്നാലെ നേതാക്കളെയും പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി, കേരളത്തിലെ വിഷു ആഘോഷത്തിന്റെ കൂടി പശ്ചാത്തലത്തിൽ ആശംസകൾ നേര്‍ന്നാണ് പ്രസംഗം ആരംഭിച്ചത്.

രാജ്യം കാത്തിരുന്ന പ്രകടന പത്രികയാണ് ബിജെപി അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നടപ്പാക്കുന്ന കാര്യങ്ങളേ പ്രകടനപത്രികയിൽ പറയാറുള്ളൂ. 4 വിഭാഗങ്ങളെ കൂടുതൽ ശാക്തീകരിക്കുകയാണ് ലക്ഷ്യം. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി. സൗജന്യ റേഷൻ അടുത്ത 5 വർഷത്തേക്ക് കൂടി തുടരും. 70 വയസിന് മുകളിലുള്ള എല്ലാവരെയും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും.

വാതക പൈപ്പ് ലൈൻ എല്ലാ വീടുകളിലും എത്തിക്കും. വൈദ്യുതി ബിൽ പൂജ്യമാക്കും. പുരപ്പുറ സോളാർ പദ്ധതി വ്യാപകമാക്കും. മുദ്ര ലോൺ തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷം രൂപയാക്കും. പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകൾ നിർമ്മിക്കും. വികലാംഗർക്ക് പി എം ആവാസ് യോജന വഴി വീടുകൾ നൽകുമെന്നും നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group