കോഴിക്കോട്: നാടുമുഴുവന്‍ ഒരു മഹാലക്ഷ്യത്തിനുവേണ്ടി കൈകോര്‍ത്തതോടെ മലയാളി തീര്‍ത്തത് മറ്റൊരു കേരള സ്‌റ്റോറി. സൗദി അറേബ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിനു വേണ്ടിയിരുന്ന 34 കോടി രൂപ ലക്ഷ്യം പിന്നിട്ടു. സൗദി മന്ത്രാലയങ്ങളിലെ നീക്കുപോക്കുകളുടെ വേഗമനുസരിച്ച് ഇനി അബ്ദുള്‍ റഹീമിന്റെ മോചനം സാധ്യമാകും.
അതോടെ കരഞ്ഞുതളര്‍ന്നു കണ്ണീര്‍ വറ്റിയ ഉമ്മയുടെ അരികിലേക്ക് കരകാണാക്കടലിനക്കരെനിന്ന് ആ മകനെത്തും. ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നിച്ചതോടെ സമയപരിധിക്കു രണ്ടുദിവസം ശേഷിക്കെയാണ് ദയാധനത്തിനുള്ള പണം സമാഹരിച്ചത്. വ്യക്തികളും സംഘടനകളും പള്ളികളും മറ്റു നാനാതുറകളിലുള്ളവരും ഹൃദയംതൊട്ടു സംഭാവന നല്‍കിയപ്പോള്‍ 34 കോടിയെന്ന ലക്ഷ്യത്തുകയായിരുന്നു. സമാഹരിച്ച തുക ഇന്ത്യന്‍ എംബസി വഴി സൗദി കുടുംബത്തിനു നല്‍കും. കഴിഞ്ഞ 16 വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുകയാണ് അബ്ദുള്‍ റഹീം.
2006 നവംബറില്‍ 26-ാം വയസിലാണ് റഹീം ഹൗസ്‌ഡ്രൈവര്‍ വിസയില്‍ റിയാദിലെത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുള്ള അബ്ദുറഹ്മാന്‍ അല്‍ ഷഹ്‌രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിനു താഴെ ചലനശേഷിയില്ലാത്ത അനസിനു ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയാണ്. അബ്ദുള്‍ റഹീമിന്റെ കൂടെ വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് 2006 ഡിസംബര്‍ 24 ന് മരിച്ചു. ഷോപ്പിങ്ങിനു പുറത്തുപോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാനാവശ്യപ്പെട്ട് അനസ്, റഹീമിനോടു വഴക്കിട്ടു.
ഇത്അനുസരിക്കാതിരുന്ന റഹീമിന്റെ മുഖത്ത് അനസ് പലതവണ തുപ്പി. തടയാന്‍ ശ്രമിച്ചപ്പോള്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനായി മരിക്കുകയുമായിരുന്നു. ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നതതലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പുനല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. ഒടുവില്‍ 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ കുടുംബം സമ്മതം അറിയിച്ചത് പ്രതീക്ഷ നല്‍കി. തുടര്‍ന്നാണ് ധനസമാഹരണത്തിനായി മലയാളികള്‍ കൈകോര്‍ത്തത്.
അബ്ദുള്‍ റഹീമിന്റെ മോചനത്തിനുള്ള ദയാധനത്തിലേക്കു ബോ ചേ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ഒരു കോടി രൂപ വ്യവസായി ബോബി ചെമ്മണൂര്‍ കൈമാറി. ഇന്നലെ വൈകിട്ട് ആറോടെ പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ക്കാണ് ചെക്ക് കൈമാറിയത്. അബ്ദുള്‍ റഹീം നിയമസഹായ സമിതിക്കു തുക കൈമാറുമെന്നു സാദിഖലി തങ്ങള്‍ അറിയിച്ചു.
അബ്ദുള്‍ റഹീമിന്റെ മോചനത്തിനു മലയാളികള്‍ ഒന്നടങ്കം കൈകോര്‍ക്കുമെന്ന് ഉറപ്പായിരുന്നെന്നു ബോബി ചെമ്മണൂര്‍ പറഞ്ഞു. അബ്ദുള്‍ റഹീമിനെ നാട്ടിലെത്തിച്ചശേഷം ഉമ്മയുടെ അടുത്തേക്കു പോകും. റഹീമിനായി പ്രഖ്യാപിച്ച ലക്കി ഡ്രോ തുടരും. ഈ തുക റഹീമിന്റെ പുനരധിവാസത്തിനു ചെലവഴിക്കും. ഉപജീവനത്തിനായി ബോചേ ടീ പൗഡര്‍ ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ ഷോപ്പ് നല്‍കും.
ഒരാഴ്ച മുമ്പ് താന്‍ റഹീമിനായി യാചകയാത്ര തുടങ്ങുമ്പോള്‍ നിയമ സഹായ സമിതിയുടെ അക്കൗണ്ടില്‍ 2.40 കോടി രൂപയാണ് ഉണ്ടായിരുന്നത്. അതിനുശേഷം പല സംഘടനകളും മനുഷ്യസ്‌നേഹികളും കൈകോര്‍ത്തു. ബോചേ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചു. എല്ലാവരുടെയും ശ്രമഫലമായി പെട്ടെന്നുതന്നെ 34 കോടി രൂപ സമാഹരിക്കാനായെന്നും മലയാളികളോട് ഏറെ നന്ദിയുണ്ടെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു. പാണക്കാട്ടെത്തിയ ബോബി ചെമ്മണൂരിനു വന്‍ സ്വീകരണമാണ് ലഭിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സ്വീകരിക്കാനെത്തി.
Post a Comment