Join News @ Iritty Whats App Group

സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക് ; 2,77,49,159 വോട്ടര്‍മാര്‍ വിധിയെഴുതും

തിരുവനന്തപുരം: സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്. 2,77,49,159 വോട്ടര്‍മാര്‍ വിധിയെഴുതും. നാളെ ചൂട് 41ഡിഗ്രി വരെ ഉയരുമെന്ന മുന്നറിയിപ്പിനിടയിലാണ് പോളിങ്. രാവിലെ ഏഴിനു വോട്ടെടുപ്പ് ആരംഭിക്കും. പാലക്കാട്ട് ഉഷ്ണതരംഗ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ഒരു രാത്രിമാത്രം ശേഷിക്കെ എല്ലാ ഒരുക്കങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തിയാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിനായി ബൂത്തുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നു സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

ചൂടിനെ പ്രതിരോധിക്കാന്‍ പോളിങ് ബൂത്തുകളില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്കു ക്യൂവില്‍ കാത്തിരിക്കാന്‍ തണല്‍ സൗകര്യമുണ്ടാകും. ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേകം ക്യൂ, ഭിന്നശേഷിക്കാര്‍ക്ക് വീല്‍ ചെയര്‍ അടക്കമുള്ള സൗകര്യങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ 13 തിരിച്ചറിയല്‍ രേഖകളിലൊന്നു കാട്ടി വോട്ട് രേഖപ്പെടുത്താം. 25,229 വോട്ടിങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ജനുവരി 22നു പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍നിന്ന് അന്തിമ പട്ടികയില്‍ 6,49,833 വോട്ടര്‍മാരുടെ വര്‍ധനയുണ്ട്. വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര്‍ ഒഴിവായി. 18-19 പ്രായക്കാരായ കന്നിവോട്ടര്‍മാര്‍ 5,34,394 പേരാണ്.

ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര്‍ സ്ത്രീകളും 1,34,15293 പേര്‍ പുരുഷന്മാരുമാണ്. സ്ത്രീ വോട്ടര്‍മാരില്‍ 3,36,770 പേരുടെയും പുരുഷ വോട്ടര്‍മാരില്‍ 3,13,005 പേരുടെയും വര്‍ധനയുണ്ട്. ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍-367. സ്ത്രീ-പുരുഷ അനുപാതം 1,000: 1,068. കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല മലപ്പുറം(33,93,884)മാണ്. കുറവുള്ള ജില്ല-വയനാട് (6,35,930). കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ മലപ്പുറം(16,97,132) ജില്ലയിലാണ്. കൂടുതല്‍ ഭിന്നലിംഗ വോട്ടര്‍മാരുള്ള ജില്ല-തിരുവനന്തപുരം(94). ആകെ പ്രവാസി വോട്ടര്‍മാര്‍ -89,839, പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല-കോഴിക്കോട് (35,793). 80 വയസ്സിന് മുകളില്‍ പ്രായമുള്ള 6,27,045 വോട്ടര്‍മാരുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group