Join News @ Iritty Whats App Group

ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തിരച്ചില്‍; കുട്ടികള്‍ ഉള്‍പ്പെടെ 12 മരണം, ഒമാനിൽ കനത്ത മഴ തുടരുന്നു


മസ്‍കത്ത്: ന്യൂനമർദത്തിന്‍റെ സ്വാധീനം നിലനിൽക്കുന്ന ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുന്നു. ശക്തമായ മഴയില്‍ കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കാണാതായ എട്ടുപേരില്‍ നാലു പേര്‍ കുട്ടികളാണെന്നും സിവില്‍ ഡിഫന്‍സ് ആന്‍റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. സമദ് അല്‍ ശാനിൽ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെയാണ് മരണ നിരക്ക് 12 ആയി ഉയര്‍ന്നത്.

മസ്‌കറ്റ്, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ ദാഹിറ, അൽ ദഖിലിയ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ഇടിമിന്നലോടെയുള്ള മഴ ലഭിച്ചത്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് ഒമാൻ സിവിൽ എവിയേഷൻ അതോറ്റിയുടെ കീഴിലുള്ള നാഷണൽ ഏ‍ർലി വാണിങ് സെന്റർ ഫോർ മൾട്ടിപ്പിൾ ഹസാ‍ർഡ്സ് അറിയിച്ചു. പൊതു ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.

പലയിടങ്ങളിലും വെള്ളം കയറിയതായി റിപ്പോർട്ടുകളുണ്ട്. നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ നിയാബത്ത് സമദ് അൽ ഷാനിൽ കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന സ്കൂൾ ബസ് വാദിയിലെ വെള്ളക്കെട്ടിൽ കുടുങ്ങി. ഇവിടെ നിന്ന് രണ്ട് പേരെ രക്ഷിച്ചതായി റോയ‌‌ൽ ഒമാൻ പൊലീസ് അറിയിച്ചു. കാണാതായവർക്കായി തെരച്ചിൽ തുടരുന്നുണ്ട്. രക്ഷപ്പെടുത്തിയ രണ്ട് പേരെ ഇബ്ര ആശുപത്രിയിലേക്ക് മാറ്റി. ഇബ്ര വിലായത്തിൽ 27 പേരെയും കൊണ്ടുപോവുകയായിരുന്ന ഒരു സ്കൂൾ ബസ് വാദിയിൽ കുടുങ്ങിയെന്നും മറ്റൊരു സംഭവത്തിൽ നിസ്‍വ വിലായത്തിൽ 21 വിദ്യാർത്ഥികൾ വെള്ളക്കെട്ടിൽ ബസിനുള്ളിൽ അകപ്പെട്ടുവെന്നും ഔദ്യോഗിക അറിയിപ്പുകളിൽ പറയുന്നു. 

അതിശക്തമായ മഴ പെയ്ത നോർത്ത് അൽ ശർഖിയയിൽ പലയിടങ്ങളിലും വെള്ളം കയറി. വാദികളിഷ വെള്ളം നിറ‌ഞ്ഞ് ഒഴുകുകയാണ്. ഇവിടെയുള്ള ഒരു റൗദ സ്കൂളിൽ വെള്ളം കയറിയെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നോർത്ത് അൽ ശർഖിയയിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇവിടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ റോയൽ ഒമാൻ പൊലീസിന്റെ സഹായം തേടുകയായിരുന്നു.

ഞായറാഴ്ച പുലർച്ചെ മൂന്ന് മണി മുതൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയും കാറ്റും ഇടിമിന്നലും ആലിപ്പഴ വർഷവും പ്രതീക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോഴത്തെ കാലാവസ്ഥ മൂന്ന് ദിവസം കൂടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group