Join News @ Iritty Whats App Group

ആറളം ഫാമിൽ സമഗ്ര കാർഷിക വികസന പദ്ധതിയിൽ കൃഷിചെയ്ത തണ്ണിമത്തൻ വിളവെടുപ്പ് തുടങ്ങി

ഇരിട്ടി: ആറളം ഫാം പുനരധിവാസമേഖലയിലെ ബ്ലോക്ക് 13 ൽ തേജസ് കൃഷിക്കൂട്ടം സമഗ്ര കാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. കരിക്കിൻ മുക്കിൽ കാടു മൂടി വന്യജീവികളുടെ വിഹാരഭൂമിയായി മാറിയിരുന്ന 5 ഏക്കർ പ്രദേശം വെട്ടിതെളിയിച്ച് അതിൽ ഒരേക്കറിലാണ് തണ്ണിമത്തൻ കൃഷിയിറക്കിയത്. ഇതിൽ തേജസ് കൃഷിക്കൂട്ടത്തിന് നൂറുമേനി വിളവാണ് ലഭിച്ചത്. 
 ഹൈബ്രിഡ് ഇനമാണ് കൃഷിചെയ്തത്. വന്യജീവികളുടെ ആക്രമണം തടയാൻ അഞ്ച് ഏക്കർ സ്ഥലത്തിനു ചുറ്റും സൗര വേലിയും സ്ഥാപിച്ചിരുന്നു. ജലസേചനത്തിനായി കിണർ നിർമ്മിക്കുകയും, പമ്പ് സെറ്റും സ്ഥാപിച്ചു. വളരെ പരിമിതമായ അളവിൽ മാത്രം രാസവള പ്രയോഗം നടത്തി ഗുണമേൻമയുള്ള തണ്ണിമത്തനാണ് ഉത്പ്പാദിപ്പിച്ചത്. ആദ്യ ദിനം ഏഴ് ക്വിന്റൽ വിളവെടുത്തു. പുഷ്പ സെക്രട്ടറിയായും കല്യാണി പ്രസിഡന്റായും പ്രവർത്തിക്കുന്ന 13 അംഗങ്ങൾ ഉൾപ്പെട്ട തേജസ് കൃഷിക്കൂട്ടം തണ്ണി മത്തൻ കൂടാതെ പയർ, വെണ്ട, പച്ചമുളക്, വെള്ളരി, ചീര എന്നിവയും ഇവിടെ കൃഷിചെയ്തിട്ടുണ്ട്. ആറളം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി, ആർ. കെ വി വൈ പദ്ധതി, ആത്മ ഫാം പ്ലാൻ പദ്ധതി എന്നിവയുടെ സാമ്പത്തിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group