Join News @ Iritty Whats App Group

ആറളം ഫാമില്‍ കാട്ടാന തുരത്തല്‍ യജ്ഞം നിര്‍ത്തിവെച്ചു





കേളകം: ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്ബടിച്ച കാട്ടാനകളെ തുരത്തല്‍ ദൗത്യം താല്‍കാലികമായി നിർത്തിവെച്ചു.
സബ് കലക്ടർ അധ്യക്ഷനായി ഫാം ഓഫിസില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. ചുരുങ്ങിയ ദിവസം കൊണ്ട് വളയഞ്ചാല്‍ പൂക്കുണ്ട് മുതല്‍ കോട്ടപ്പാറ പരിപ്പുതോടുവരെ വനാതിർത്തിയിലൂടെ താല്‍ക്കാലിക ഫെൻസിങ് തീർത്തുകൊണ്ടാണ് കാട്ടാന പ്രതിരോധത്തിനുള്ള ആദ്യപടി പൂർത്തിയാക്കിയത്. പുനരധിവാസ മേഖലയില്‍ തമ്ബടിച്ച കാട്ടാനകളെ നാലാം തീയതി മുതലാണ് വനത്തിലേക്ക് തുരത്തിയത്. എസ്.എസ്.എല്‍.സി പരീക്ഷാ സമയമായതിനാല്‍ വൈകുന്നേരങ്ങളിലായിരുന്നു ദൗത്യം.

പൊതു അവധിയായ മൂന്നുദിവസം ആറളം കൃഷി ഫാമില്‍ തമ്ബടിച്ച കാട്ടാനകളെ തുരത്തുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചത്. ആദ്യദിവസം അഞ്ചോളം കാട്ടാനകളെ വനത്തിലേക്ക് കടത്തി. ശനിയാഴ്ച രണ്ട് കൊമ്ബന്മാരെയും 13 എണ്ണമുള്ള മറ്റൊരു കൂട്ടത്തെയും വനത്തിലേക്ക് കടത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഞായറാഴ്ച രാവിലെ ബ്ലോക്ക് ഒന്ന്, രണ്ട്, നാല് ഭാഗങ്ങളില്‍ തമ്ബടിച്ച രണ്ട് ചെറിയ കുട്ടികള്‍ അടക്കമുള്ള ഏഴ് അംഗ കാട്ടാനക്കൂട്ടത്തെ ആറളം ഫാം സ്കൂളിന്റെ പരിസരത്ത് റോഡ് കടത്തി, ഹെലിപ്പാട് വഴി താളിപ്പാറ റോഡും കോട്ടപ്പാറ കുന്നും കടത്തി വനത്തിലേക്ക് വിട്ടു. മടങ്ങി വരാതിരിക്കാൻ വനാതിർത്തിയില്‍ ഫെൻസിങ് ചാർജ് ചെയ്തു. രാത്രികാലത്ത് ആർ.ആർ.ടി സംഘത്തെയും മറ്റൊരു ടീമിനെയും സ്ഥിരമായി കാട്ടാനകളെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നത് തടയുന്നതിന് നിയോഗിച്ചു.

നിരവധി ആളുകള്‍ താമസിക്കുന്ന ആറളം പുനരധിവാസ മേഖലയുടെയും പരീക്ഷാക്കാലം ആയതിനാല്‍ വിദ്യാർഥികളുടെയും സുരക്ഷക്കാണ് നിലവില്‍ കാട്ടാന പ്രതിരോധം നടത്തിയത്. കാട്ടാന പ്രതിരോധത്തിന് കണ്ണൂർ ഡി.എഫ്.ഒ വൈശാഖിന്റെ നിർദേശത്തില്‍ ആറളം വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാർഡൻ ജി. പ്രദീപ് നേതൃത്വം നല്‍കി. സംഘത്തില്‍ കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നെരോത്ത്, ആറളം വന്യജീവി സങ്കേതം അസി. വൈല്‍ഡ് ലൈഫ് വാർഡൻ പി. പ്രസാദ്, കൊട്ടിയൂർ റേഞ്ചിലെ സ്റ്റാഫും വാച്ചർമാരും ആറളം വന്യജീവി സങ്കേതത്തിലെ സ്റ്റാഫും വാച്ചർമാരും ആറളം ഫാം ജീവനക്കാരും ടി.ആർ.ഡി.എം പ്രതിനിധികളും സന്നദ്ധ സംഘവും സംബന്ധിച്ചു. പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും വാഹന സഞ്ചാരം നിയന്ത്രിക്കുന്നതിനും പൊലീസും റവന്യൂ മെഡിക്കല്‍ സംഘവും ട്രൈബല്‍ വകുപ്പും ദൗത്യത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group