Join News @ Iritty Whats App Group

ആശുപത്രിയില്‍ പൊലീസ് എത്തിച്ച പ്രതി നഴ്സിനെ തൊഴിച്ചു; പ്രതിഷേധവുമായി ആരോഗ്യപ്രവര്‍ത്തകര്‍


കൊച്ചി: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി നഴ്സിനെ ആക്രമിച്ചു. സംഭവത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാവുകയാണ്. മദ്യാസക്തിയിൽ സ്ത്രീകളെ കടന്നുപിടിക്കുകയും വനിതാ സിവിൽ പൊലീസ് ഓഫീസറെ ക്രൂരമായി മർദിക്കുകയും ചെയ്ത കേസിലെ പ്രതിയായ മാധവൻ എന്നയാളാണ് പൊലീസ് ആശുപത്രിയിലെത്തിച്ചപ്പോൾ നഴ്സിനെതിരെയും ആക്രമണം അഴിച്ചുവിട്ടത്.

രോഗിയെ പരിചരിക്കുന്നതിനിടെ നഴ്സിന്‍റെ മുഖത്തേക്ക് തൊഴിക്കുകയായിരുന്നു. ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇതിന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ആശുപത്രികളില്‍ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുത്തില്ലെന്ന് കൂടുതൽ സമരപരിപാടികൾ ആലോചിക്കുമെന്നാണ് മുന്നറിയിപ്പ്. 

ഇൻജെക്ഷൻ കൊടുത്ത്, കാനുല ഇടുമ്പോൾ താനും പ്രതിയും മാത്രമായിരുന്നു മുറിയിലുണ്ടായിരുന്നതെന്ന് മര്‍ദ്ദനത്തിന് ഇരയായ നഴ്സ് ജി ദിവ്യ പറയുന്നു. കാനുല ഇട്ട് കഴിഞ്ഞപ്പോഴേക്ക് ഒരു പൊലീസുകാരൻ പുറത്തുനിന്ന് വാങ്ങിയ ഇൻജെക്ഷൻ കൊണ്ടുതന്നു, രോഗി ഉണരാൻ തുടങ്ങിയപ്പോഴാണ് ഒരു പൊലീസുകാരൻ വന്ന് കയ്യില്‍ പിടിച്ചത്, അതുകഴിഞ്ഞ് മറ്റ് രോഗികളുടെ അടുത്തെല്ലാം പോയി തിരിച്ചുവന്ന സമയത്താണ് ഇയാള്‍ എഴുന്നേറ്റ് കാലുമടക്കി മുഖത്തേക്ക് തൊഴിച്ചതെന്നും ദിവ്യ പറയുന്നു. 

സിവില്‍ പൊലീസ് ഓഫീസറടക്കം രണ്ട് വനിതകളെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയെ ആണ് കൊണ്ടുവന്നിരിക്കുന്നതെന്ന് പൊലീസ് തങ്ങളെ അറിയിച്ചില്ലെന്നും ദിവ്യ പറയുന്നു. താലൂക്ക് ആശുപത്രിയിൽ അടുത്തിടെ നടക്കുന്ന രണ്ടാമത്തെ അക്രമ സംഭവമാണിത്.

24 മണിക്കൂര്‍ ഒരു പൊലീസ് എയിഡ് പോസ്റ്റ് സജ്ജമാക്കുക, ആശുപത്രികളിലെ ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കുക, ഭീതിയില്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ധൈര്യപൂര്‍വം പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാക്കി തരിക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.

കുരീക്കാട് സ്വദേശിയാണ് നഴ്സിനെ ആക്രമിച്ച മാധവൻ എന്ന അറുപത്തിനാലുകാരൻ. മദ്യലഹരിയിൽ ഇയാൾ മര്‍ദ്ദിച്ച സിവിൽ പൊലീസ് ഓഫീസർ റെജിമോൾ ചികിത്സയിലാണ്. കിഴക്കേകോട്ട ബസ് സ്റ്റോപ്പിനടുത്തുള്ള ഷോപ്പിങ് കോംപ്ലക്സിലെ ജീവനക്കാരിയെ ഉപദ്രവിക്കാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് മാധവൻ റെജിമോളെ മർദ്ദിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group