Join News @ Iritty Whats App Group

'മോദിയുടെ ഏറ്റവും വലിയ ഭയം കെജ്രിവാള്‍'; പ്രൊഫൈല്‍ പിക്‍ചര്‍ ക്യാംപയിനുമായി ആം ആദ്മി പാര്‍ട്ടി


ദില്ലി: ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് പിന്നാലെ പ്രൊഫൈല്‍ പിക്‍ചര്‍ ക്യാംപയിനുമായി ആം ആദ്മി പാര്‍ട്ടി. 'മോദി കാ സബ്സേ ബഡാ ഡര്‍ കെജ്രിവാള്‍' അഥവാ മോദിയുടെ ഏറ്റവും വലിയ ഭയം കെജ്രിവാള്‍ എന്ന് രേഖപ്പെടുത്തിയ പ്രൊഫൈല്‍ പിക്‍ചറാണ് ഇതിനായി ആം ആദ്മി പാര്‍ട്ടി തയ്യാറാക്കിയിരിക്കുന്നത്. 

ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല സാമൂഹ്യപ്രവര്‍ത്തകര്‍ അടക്കം പലരും ഈ പ്രൊഫൈല്‍ പിക്‍ചര്‍ മാറ്റി ബിജെപിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. കെജ്രിവാളിന്‍റെ അറസ്റ്റിന് പിന്നാലെ രാജ്യവ്യാപകമായ പ്രതിഷേധമാണ് ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ മുന്നണിയും നടത്തിവരുന്നത്. ഇതിന്‍റെ ഭാഗമായി തന്നെയാണ് സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരത്തിലൊരു ക്യാംപയിനും.

ഇക്കഴിഞ്ഞ 22നാണ് മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാള്‍ ആദായനികുതി വകുപ്പിന്‍റെ അറസ്റ്റിലായത്. ആദായനികുതിവകുപ്പിന്‍റെ റെയ്ഡിന് ശേഷമാണ് കെജ്രിവാള്‍ അറസ്റ്റിലായത്. ജാമ്യാപേക്ഷ തള്ളിയ കോടതി കെജ്രിവാളിനെ ആറ് ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. നിലവില്‍ ഇഡി കസ്റ്റഡിയിലാണ് കെജ്രിവാള്‍. 

എന്നാല്‍ ഇപ്പോഴും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കെജ്രിവാള്‍ മാറിയിട്ടില്ല. സ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്ന ആവശ്യം ബിജെപി ഉയര്‍ത്തുന്നുണ്ടെങ്കിലും ആം ആദ്മിയും ഇന്ത്യ മുന്നണിയും ശക്തമായാണ് ഇതിനെ പ്രതിരോധിക്കുന്നത്. 

ദില്ലി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയും ഇതേ കേസില്‍ അറസ്റ്റിലായിരുന്നു. ഇദ്ദേഹവും ഇപ്പോള്‍ ജയിലില്‍ തുടരുകയാണ്. മദ്യനയ കേസില്‍ തന്നെ തെലങ്കാനയിലെ ബിആര്‍എസ് നേതാവും മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിതയെയും അടുത്തിടെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. 

കെജ്രിവാളും മനീഷ് സിസോദിയയും കവിതയും ചേര്‍ന്നാണ് മദ്യ നയ കേസിലെ ഗൂഢാലോചന നടത്തിയതെന്നാണ് ആദായനികുതി വകുപ്പിന്‍റെ വാദം.

Post a Comment

Previous Post Next Post
Join Our Whats App Group