Join News @ Iritty Whats App Group

തൊഴിലുറപ്പ് കൂലി വർദ്ധിപ്പിക്കും ,ആറുശതമാനം വരെ വര്‍ധനയ്ക്ക് സാധ്യത; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി


ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. പുതുക്കിയ വേതനം സംബന്ധിച്ച് വിജ്ഞാപനം ഇറക്കുന്നതിന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തെയാണ് അനുവദിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പുതുക്കിയ വേതനം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രാലയം കമ്മീഷനെ സമീപിച്ചത്. കമ്മീഷന്റെ അനുമതി ലഭിച്ചതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വേതനവര്‍ധനവില്‍ അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ഡിഎംകെ നേതാവ് കനിമൊഴി അധ്യക്ഷയായ പാര്‍ലമെന്ററി കമ്മിറ്റിയാണ് വേതനവര്‍ധനവിന് ശുപാര്‍ശ നല്‍കിയത്. എല്ലാ സംസ്ഥാനങ്ങളിലുമായി ശരാശരി 5 മുതല്‍ ആറുശതമാനം വരെ വേതന വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 25നാണ് 2023-24 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പുതുക്കിയ വേതനം സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്.

ഏപ്രിൽ ഒന്നു മുതലാകും കൂലി വർദ്ധനവ് നിലവിൽ വരിക. കഴിഞ്ഞ വർഷം മാർച്ചില് കേരളത്തിലെ തൊഴിലുറപ്പ് കൂലി 311 രൂപയിൽനിന്നും 22 രൂപ കൂട്ടി 333 രൂപയാക്കി കേന്ദ്രം ഉയർത്തിയിരുന്നു. പ്രതിപക്ഷവും പാർലമെന്റ് സ്റ്റാൻഡിം​ഗ് കമ്മറ്റിയും തൊഴിലുറപ്പ് കൂലി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group