Join News @ Iritty Whats App Group

കടുവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടും നടപടികളില്ലാത്തതില്‍ ദുരൂഹതയെന്ന്




കേളകം: അടയ്ക്കാത്തോട്, ശാന്തിഗിരി, രാമച്ചി മേഖലകളിലും കൊട്ടിയൂർ പഞ്ചായത്തിലെ ഒറ്റപ്ലാവ്, പാലുകാച്ചിമല, പന്നിയാംമല, ചപ്പമല തുടങ്ങിയ പ്രദേശങ്ങളിലും നിരന്തരം കടുവയുടെ സാന്നിധ്യം ഉണ്ടായിട്ടും വനംവകുപ്പ് നടപടികള്‍ സ്വീകരിക്കാത്തത്തില്‍ പ്രതിഷേധം.
ഈ മേഖലകളില്‍ കാമറ സ്ഥാപിക്കാനോ കൂട് സ്ഥാപിച്ച്‌ വന്യജീവിയെ പിടിക്കാനോ വനംവകുപ്പ് തയാറായിട്ടില്ലെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. 

കഴിഞ്ഞ മൂന്ന് ആഴ്ചയിലധികമായി വിവിധയിടങ്ങളിലായി കടുവയെ കണ്ടതായി നാട്ടുകാർ ആവർത്തിച്ചു പറയുന്നുണ്ട്. പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കടുവയെ കണ്ടുവെന്നവകാശപ്പെട്ടവർ പറഞ്ഞു. വനംവകുപ്പിനെ വിവരമറിയിച്ചാല്‍ പ്രാദേശികമായി വാച്ചർമാർ എത്തി പരിശോധന നടത്തി മടങ്ങുകയാണ്. ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ നാഷണല്‍ ടൈഗർ കണ്‍സർവേഷൻ അഥോറിട്ടിയുടെ നിബന്ധനകള്‍ പ്രകാരം ഡിഎഫ്‌ഒ അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ച്‌ കാമറ സ്ഥാപിച്ച്‌ നിരീക്ഷണം നടത്തുകയും കൂട് വച്ച്‌ പിടികൂടി മാറ്റണമെന്നുമാണ് നിബന്ധന. ജനവാസകേന്ദ്രത്തില്‍ അടിക്കടി ഇറങ്ങുന്ന കടുവയാണെങ്കില്‍ എൻടിസിഎയുടെ ലിസ്റ്റില്‍ നോക്കി ഏതു കടുവയാണെന്ന് മനസിലാക്കണം. ആരോഗ്യമുള്ള കടുവയാണെങ്കില്‍ കോളർ ഐഡി ഘടിപ്പിച്ച ശേഷം വനത്തില്‍ തുറന്നു വിടണമെന്നുമാണ് നിബന്ധന. ആരോഗ്യ പ്രശ്നമുള്ള കടുവയാണെങ്കില്‍ മതിയായ ചികിത്സ നല്‍കുവാൻ കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് ചട്ടം. കടുവയെ പലയിടത്തും തുടർച്ചയായി കണ്ടത് വനംവകുപ്പിനെ അറിയിച്ചിട്ടും വന്യജീവി കടുവയാണെന്ന് സ്ഥിരീകരിക്കാനുള്ള നടപടിപോലും സ്വീകരിക്കാതെ മറ്റേതെങ്കിലും വന്യജീവിയായിരിക്കാമെന്ന് പറഞ്ഞ് വിഷയത്തെ ലഘൂകരിച്ച്‌ വഴി തിരിച്ചു വിടുകയാണെന്നും ജനങ്ങള്‍ പറയുന്നു. കടുവ ജനവാസ കേന്ദ്രത്തിലെത്തിയാല്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിക്കാതിരിക്കാനുള്ള വനംവകുപ്പിന്‍റെ ഗൂഢനീക്കമാണ് ഇതിനു പിന്നിലെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group