Join News @ Iritty Whats App Group

'ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ വോട്ട് പിടിക്കരുത്'; മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ


ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനൊപ്പം വോട്ടെടുപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പ്രസംഗം പാടില്ലെന്ന് രാഷ്ട്രീയക്കാര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. സ്വകാര്യ ജീവിതത്തെ വിമര്‍ശിച്ചുകൊണ്ട് പ്രസംഗിക്കരുത്, ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ വോട്ട് പിടിക്കരുത്, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചാരണം പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കി.

പരസ്യം വാര്‍ത്തയായി നല്‍കരുതെന്നും സമൂഹ മാധ്യമങ്ങളിലൂടെ എതിരാളികളെ അവഹേളിക്കരുതെന്നും താര പ്രചാരകര്‍ മര്യാദയുടെ സീമ ലംഘിക്കരുതെന്നും കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും രാജീവ് കുമാര്‍ നിര്‍ദേശിച്ചു.ചട്ടലംഘനം ആവർത്തിക്കുന്നവർക്കുള്ള ശിക്ഷ താക്കീതില്‍ ഒതുങ്ങില്ലെന്ന മുന്നറിയിപ്പും തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കി. റീ പോളിംഗ് സാധ്യതകൾ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെയും മറ്റ് മീഡിയ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനിടെയാണ് ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്. വ്യാജവാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ മാത്രമല്ല, സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങളിലും നടപടിയുണ്ടാകുമെന്നാണ് അറിയിപ്പ്. ഇത്തരത്തിലുള്ള വാര്‍ത്തകളിലൂടെയോ പ്രചാരണങ്ങളിലൂടെയോ സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാകാൻ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുകഴിഞ്ഞതോടെ രാജ്യത്ത് പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഇതോടെ കമ്മീഷൻ മുന്നറിയിപ്പ് നല്‍കിയ വിഷയങ്ങളില്‍ വീഴ്ചയുണ്ടായാല്‍ നടപടി നേരിടേണ്ടി വരും.

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും'വോട്ട് ഫ്രം ഹോം' സൗകര്യം പ്രയോജനപ്പെടുത്താമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.വീട്ടില്‍വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമാണ് ഒരുക്കുക. പ്രായാധിക്യം മൂലം അവശനിലയില്‍ ആയി പുറത്തിറങ്ങാൻ പ്രയാസമനുഭവിക്കുന്നവര്‍ക്കും ശാരീരികവൈകല്യം മൂലം വോട്ട് ചെയ്യാൻ പോകാൻ ബുദ്ധിമുട്ടുന്നവര്‍ക്കുമെല്ലാം ഈ സൗകര്യം ഏറെ ആശ്വാസകരമായിരിക്കും. കുടിവെള്ളം, ശൗചാലയം, വീല്‍ച്ചെയര്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയും വോട്ടിംഗ് കേന്ദ്രങ്ങളില്‍ സജ്ജമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പില്‍ ജനങ്ങളെ പങ്കാളികളാക്കാനാണ് തീരുമാനം. പേപ്പര്‍ ഉപയോഗം പരമാവധി കുറയ്ക്കും, ഇ-വോട്ടര്‍ ലിസ്റ്റ് പ്രയോജനപ്പെടുത്തും, ഇലക്ട്രോണിക് സംവിധാനങ്ങളെ തന്നെ കാര്യമായി ആശ്രയിക്കാനും തീരുമാനം.

Post a Comment

Previous Post Next Post
Join Our Whats App Group