Join News @ Iritty Whats App Group

ഇരിട്ടി ബാരാപോള്‍ പുഴയില്‍ നിന്നും വാരിക്കൂട്ടിയ മണല്‍ വില്പന തുടങ്ങി




രിട്ടി: പ്രളയാനന്തരം ബാരാപോള്‍ പുഴയില്‍ നിന്നും പൊതുമേഖലാ സ്ഥാപനമായ സിറാമിക്‌സിന്‍റെ നേതൃത്വത്തില്‍ വാരിക്കൂട്ടിയ മണല്‍ വില്പന തുടങ്ങി. 7500 എം ക്യൂബ് മണലാണ് ജിയോളജി വകുപ്പിന്‍റെ പാസ് മുഖാന്തരം വില്പന ചെയ്യുന്നത്. 
2018ലും 19ലും ഉണ്ടായ പ്രളയത്തില്‍ വൻതോതില്‍ മണലും കല്ലും പുഴകളില്‍ അടിഞ്ഞ് പുഴകളുടെ ആഴം കുറയുകയും നീരൊഴുക്കിനെ ബാധിക്കുകയും ചെയ്തിരുന്നു. ഇതുമൂലം വീണ്ടും പുഴ കവിഞ്ഞൊഴുകി വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ പുഴകളില്‍ നിന്നും മണലും മാലിന്യങ്ങളും നീക്കം ചെയ്യാൻ സർക്കാർ സിറാമിക്‌സിന് അനുമതി നല്‍കിയത്. 

സ്വകാര്യ പങ്കാളിത്തത്തോടെ മണല്‍ നീക്കംചെയ്യല്‍ ആരംഭിച്ചപ്പോള്‍ വൻ വിവാദം ഉണ്ടാവുകയും പാതിവെച്ച്‌ നിർത്തുകയുമായിരുന്നു. വാരിക്കൂട്ടിയ മണല്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും നിശ്ചിത കാലത്തേക്ക് ലീസിനെടുത്ത സ്ഥലത്ത് മൂന്ന് വർഷമായി മണല്‍ കൂട്ടിയിട്ട് നശിക്കുകയായിരുന്നു. ഇതോടെ വാരിക്കൂട്ടിയ മണല്‍ നീക്കം ചെയ്യാത്തതിനാല്‍ സ്ഥലം ലീസിന് കൊടുത്തവരും മണല്‍ വാരാൻ സിറാമിക്‌സില്‍ നിന്നും ഉപകരാർ എടുത്തവരും ഹൈക്കോടതിയെ സമീപിച്ചു. ഇതോടെയാണ് മണല്‍ വില്പന നടത്തി ബന്ധപ്പെട്ടവർക്ക് പണം അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുന്നത്. വാരിക്കൂട്ടിയ മണലിന്‍റെ അളവും വിലയും നിശ്ചയിക്കാൻ ജലസേചന വിഭാഗത്തിനും നിർദ്ദേശം നല്‍കി.

മണല്‍ വില്പനയ്ക്കായി നിരവധി തവണ ലേലം നടത്തിയെങ്കിലും ആരും ഏറ്റെടുക്കാൻ എത്തിയില്ല. വാരിക്കൂട്ടി വർഷങ്ങള്‍ കഴിഞ്ഞതിനാല്‍ മണല്‍ മണ്ണായി മാറിയിട്ടുണ്ടാകുമെന്ന കാരണത്താലാണ് കരാറുകാർ ലേലത്തില്‍ നിന്നും വിട്ടു നിന്നത്. ഒരു എം ക്യൂബ് മണലിന് 1036 രൂപ കണക്കാക്കി അവസാനം നടത്തിയ ലേലത്തില്‍ വില്പന ഒരാള്‍ ഏറ്റെടുക്കുകയായിരുന്നു. ഇത്തരത്തില്‍ പായം പഞ്ചായത്തിലെ മൂന്നിടങ്ങളിലാണ് മണല്‍ സൂക്ഷിച്ചിരിക്കുന്നത്. വാരിക്കൂട്ടി വർഷങ്ങള്‍ കഴിഞ്ഞതിനാല്‍ മണല്‍ കഴുകി മണ്ണും കല്ലും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത ശേഷമാണ് വില്പന ചെയ്യുന്നത്. 100 അടി മണലിന് 6800 രൂപ എന്ന നിരക്കിലാണ് വില്പന.

വാരിക്കൂട്ടിയ മണല്‍ കടത്തിക്കൊണ്ടുപോയി

ബാരാപോള്‍ പുഴയില്‍ നിന്നുള്ള വൻതോതിലുള്ള മണല്‍ക്കടത്തിന് പിന്നാലെ സർക്കാർ സംവിധാനത്തിലൂടെ വാരിക്കൂട്ടിയ മണലും വ്യാപകമായി മോഷ്ടിക്കപ്പെട്ടു. പുഴയോരത്തെ പറമ്ബുകളില്‍ നിന്നും ഹൈവേയോട് ചേർന്നുള്ള ഭാഗങ്ങളിലും കൂട്ടിയ മണലാണ് കടത്തിക്കൊണ്ടു പോയത്.

കടത്ത് വ്യാപകമായതോടെ സിറാമിക്‌സ് നല്‍കിയ പരാതിയില്‍ കടത്തിയ വാഹനങ്ങള്‍ പോലീസ് പിടികൂടിയിരുന്നു. വർഷങ്ങള്‍ കഴിഞ്ഞതുകൊണ്ട് മണലിന്‍റെ നല്ലൊരു ഭാഗം മണ്ണായി മാറിയതുകൊണ്ട് വാരിക്കൂട്ടിയ മണലിന്‍റെ 60 ശതമാനം മാത്രമേ ഉപയോഗിക്കാനാവു.

ബാവലി, വളപട്ടണം പുഴകളില്‍ കോടികളുടെ മണല്‍

പുഴകളില്‍ നിന്നുള്ള മണല്‍ വാരലിന് ഹരിത ട്രിബ്യൂണല്‍ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ബാവലി, വളപട്ടണം പുഴകളില്‍ കെട്ടിക്കിടക്കുന്നത് കോടികളുടെ മണല്‍. ഇവ നീക്കം ചെയ്യാതെ കിടക്കുന്നത് പുഴകളിലെ സംഭരണ ശേഷിയെ കാര്യമായി ബാധിക്കുന്നു. പഴശി പദ്ധതിയുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയ 18.005 മില്യണ്‍ മീറ്റർ ക്യൂബിക് ചെളിയും മണ്ണും ഇനിയും നീക്കം ചെയ്യാതെ പുഴയുടെ അടിത്തട്ടില്‍ കുമിഞ്ഞ് കൂടിയിട്ടുണ്ട്. ഇവ വാരിക്കൂട്ടി ഇ-മണല്‍ സംവിധാനത്തിലൂടെ വില്പന ചെയ്യാൻ നടപടിയുണ്ടായാല്‍ സർക്കാരിന് വൻ വരുമാനമാകും.

Post a Comment

Previous Post Next Post
Join Our Whats App Group