Join News @ Iritty Whats App Group

‘ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാം’; പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് കോടതി സമൻസ്

ബിജെപിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ്. മാർച്ച് 27ന് ഹാജരാകാൻ ആവശ്യപ്പെട്ട് ജാർഖണ്ഡ് പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്. ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാമെന്ന് ആയിരുന്നു രാഹുലിന്റെ പരാമർശം. 2018ലാണ് രാഹുൽ ഈ പരാമർശം നടത്തിയത്.

ബിജെപി നേതാവ് പ്രതാപ് കത്യാറിന്റെ പരാതിയിലാണ് കോടതി നടപടി. 2018ലെ കർണാടക സംസ്ഥാന തിരഞ്ഞെടുപ്പിനിടെയാണ് അന്നത്തെ ബിജെപി അധ്യക്ഷനായ അമിത് ഷാക്കെതിരെ പരാമർശം നടത്തിയത്. അപകീർത്തി പരാമർശ കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി ജാർഖണ്ഡ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

സമാനമായ കേസ് ഉത്തർപ്രദേശിലും നിലവിലുണ്ട്. യുപി സുൽത്താൻപൂർ കോടതിയിൽ രാഹുൽ ഹാജരായി ജാമ്യം നേടിയിരുന്നു. അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തി എന്നാരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് യുപിയിൽ കേസ് നൽകിയത്. അമിത് ഷാ കൊലപാതക കേസ് പ്രതിയാണെന്ന പരാമർശത്തിന്റെ പേരിൽ റാഞ്ചിയിലെ വിചാരണക്കോടതിയിൽ നടപടികൾ നടക്കുന്നുണ്ട്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബിജെപി നേതാവ് നവീൻ ഝായാണ് പരാതി നൽകിയിരുന്നത്.

നേരത്തെ അപകീർത്തിക്കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാഹുലിന് എംപി സ്ഥാനം നഷ്ടമായിരുന്നു. പിന്നീട് കോടതി ഉത്തരവിലൂടെയാണ് സ്ഥാനം തിരികെ ലഭിച്ചത്. 2019ൽ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തിനാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് സിജെഎം കോടതി രണ്ടു വർഷം തടവു ശിക്ഷിച്ചത്. അതിനിടെ, ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘർഷമുണ്ടാക്കി എന്ന കേസിൽ രാഹുൽ ഗാന്ധിക്ക് അസം സിഐഡി സമൻസ് അയച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group