Join News @ Iritty Whats App Group

എസ്ബിഐയ്‌ക്ക് വീണ്ടും വിമർശനം; ഇലക്ട്രൽ ബോണ്ടിൽ എല്ലാ വിവരങ്ങളും നല്കണമെന്ന് സുപ്രീംകോടതിയുടെ കർശന നിർദ്ദേശം

ഇലക്ട്രൽ ബോണ്ടിൽ ഒന്നും മറച്ചു വെയ്ക്കരുതെന്നും തിരിച്ചറിയൽ കോഡ് അടക്കം എല്ലാ വിവരങ്ങളും വെളിപ്പെടുത്താനും എസ്ബിഐയ്‌ക്ക് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റെ കർശന നിർദ്ദേശ. പൂർണ വിവരങ്ങൾ നല്കാത്തതിന് എസ്ബിഐയെ വിമർശിച്ച കോടതി തിരിച്ചറിയൽ കോഡ് പുറത്ത് വിടരുതെന്ന വ്യവസായ സംഘടനകളുടെ ആവശ്യം തള്ളി. ബോണ്ട് നമ്പറുകള്‍ വെളിപ്പെടുത്തണം, ഒരു വിവരവും മറച്ചുവെച്ചിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണം. എസ്ബിഐയില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ചാലുടന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിര്‍ദേശിച്ചു.

മാധ്യമങ്ങളിലൂടെ ഹർജിക്കാർ വേട്ടയാടൽ നടത്തുകയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിലെ വാദത്തിനിടെ പരാമർശിച്ചു. എല്ലാ വിവരങ്ങളും വെളിപ്പെടുത്താൻ നിർദ്ദേശിച്ചപ്പോൾ എന്തുകൊണ്ട് തിരിച്ചറിയൽ കോഡ് നല്കിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്ബിഐയോട് ചോദിച്ചു. ബോണ്ട് ആരിൽ നിന്ന് വാങ്ങി എന്നത് വെളിപ്പെടുത്തേണ്ടത് രാഷ്ട്രീയ പാർട്ടികളാണ് എന്നായിരുന്നു എസ്ബിഐക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവേയുടെ മറുപടി.

ഇത്തരം ഉത്തരവുകൾ ആവർത്തിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി പൂർണ വിവരങ്ങൾ വെളിപ്പെടുത്തി വ്യാഴാഴ്ചയ്ക്കകം സത്യവാങ്മൂലം നല്കാൻ എസ്ബിഐയോട് ആവശ്യപ്പെട്ടു. വിവരം പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനും നിർദ്ദേശമുണ്ട്. തിരിച്ചറിയൽ കോഡ് നല്കാതിരിക്കാൻ വ്യവസായ സംഘടനകളായ ഫിക്കി, അസോചാം, സിഐഐ എന്നിവ സംയുക്തമായി കോടതിയിൽ നടത്തിയ നാടകീയ നീക്കം കോടതി ചെറുത്തു. കേസ് പരിഗണിച്ച സമയത്ത് സംഘടനകൾ എന്തു കൊണ്ട് വന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

വിധി നടപ്പാക്കരുതെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് രാഷ്ട്രപതിക്ക് കത്തെഴുതിയതിനോട് ശക്തമായി വിയോജിക്കുന്നു എന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ ഹർജിക്കാർ മാധ്യമങ്ങളിലൂടെ വേട്ടയാടൽ നടത്തുന്നത് തടയണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു. നിയമം നടപ്പാക്കുക മാത്രമേ ചെയ്യാനാകൂ എന്ന് ചൂണ്ടിക്കാട്ടി കോടതി ഈ ആവശ്യം തള്ളി. കോടതി വിധി ജനങ്ങൾക്കെതിരെന്ന മലയാളി അഭിഭാഷകൻ ജോർജ് നെടുമ്പാറയുടെ പരാമർശം കോടതിയെ ചൊടിപ്പിച്ചു. തിരിച്ചറിയൽ കോഡ് കൂടി നല്കണമെന്ന ഉറച്ച നിലപാട് കോടതി സ്വീകരിച്ച സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് ആരുടെയൊക്കെ ബോണ്ടുകൾ കിട്ടി എന്നതിൽ കൂടുതൽ വ്യക്തത വരും.

Post a Comment

Previous Post Next Post
Join Our Whats App Group