Join News @ Iritty Whats App Group

അടക്കാത്തോട് വനപാലകർക്ക് നേരെ പാഞ്ഞടുത്ത് കടുവ;ആകാശത്തേക്ക് വെടിയുതിർത്ത് വനപാലകർ രക്ഷപെട്ടു




കേളകം: അടക്കാത്തോട് കരിയംകാപ്പിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനപാലകർക്ക് നേരെ പാഞ്ഞടുത്തു. ആകാശത്തേക്ക് വെടിയുതിർത്ത് വനപാലകർ രക്ഷപെട്ടു.
കടുവയെ കണ്ടെത്തി മയക്കുവെടിവച്ച്‌ പിടികൂടാനുള്ള ഇന്നലത്തെ ശ്രമം രാവിലെ തുടങ്ങി. നേരം പുലർന്ന ശേഷം കരിയംകാപ്പിലെ യക്ഷികോട്ട ഭാഗത്ത്‌ റബർ ടാപ്പിംഗിന് ഇറങ്ങിയ പ്രദേശവാസി ടോമി കടുവയെ നേരില്‍ കണ്ടതോടെ വനപാലകരെ വിവരം അറിയിച്ചു. തുടർന്ന് തെരച്ചില്‍ നടത്തിയെങ്കിലും
കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല.

നേരത്തെ കടുവയെ പിടികൂടുന്നതിനായി സ്ഥാപിച്ച മൂന്ന് കൂടുകളില്‍ ഒരെണ്ണം ഈ ഭാഗത്തേക്ക് എത്തിച്ചു. ശേഷം മറ്റു ഭാഗങ്ങളില്‍ തെരയുന്ന ശ്രമവും വനപാലകർ തുടർന്നു. വൈകിട്ട് അഞ്ചുമണിയോടെ മലമുകളില്‍ നിന്നും പൈപ്പ് വഴി വരുന്ന വെള്ളം തിരിച്ചു വിടുന്നതിനായി യക്ഷികോട്ട ഭാഗത്ത് എത്തിയ ജോണി വീണ്ടും കടുവയെ കണ്ടു. ഇവിടേക്ക് എത്തിയ വനപാലക സംഘവും കടുവയെ കണ്ടു. ശേഷം നാലായി തിരിഞ്ഞു പ്രദേശം വളഞ്ഞു. കടുവയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം  നടത്തുന്നതിനിടെ വനപാലകർക്ക് നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. ഇതില്‍ നിന്നും രക്ഷപെടുന്നതിനായി വനപാലകർക്ക് ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിയുതിർക്കേണ്ടി വന്നു. യക്ഷിക്കോട്ടവഴിയുള്ള നീർച്ചാലിലൂടെ താഴോട്ടു നീങ്ങിയ കടുവ മെയിൻ റോഡരികില്‍ എത്തി വീണ്ടും മേലെ ഭാഗത്തെ കാട് പിടിച്ച സ്ഥലത്തേക്ക് കടന്നു. രാത്രിയായതോടെ പിന്നീട് കടുവയെ കണ്ടെത്താൻ നടത്തിയ തെരച്ചില്‍ പരാജയമായി.

Post a Comment

Previous Post Next Post
Join Our Whats App Group