Join News @ Iritty Whats App Group

ഇരിട്ടിയിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് മൂന്ന് മണിക്കൂറോളം തടസ്സപ്പെട്ടു





ഇരിട്ടി: ഡ്രൈവിംഗ് ടെസ്റ്റിനെത്തിയവരുടെയും ഡ്രൈവിംഗ് സ്‌കൂൾ പ്രതിന്ധികളുടെയും പ്രതിഷേധത്തിൽ ഇരിട്ടിയിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് തടസ്സപ്പെട്ടു. ഒരു ദിവസം പരമാവധി 50 ഡ്രൈവിംഗ് ടെസ്റ്റുകൾ മാത്രമാക്കി ചുരുക്കിയതോടെയുള്ള പ്രതിഷേധത്തെ തുടർന്നാണ് മൂന്നു മണിക്കൂറോളം ഡ്രൈവിംഗ് ടെസ്റ്റ് തടസ്സപ്പെട്ടത്. 
 കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി കെ. വി. ഗണേഷ് കുമാർ ഓൺലൈനിൽ ചേർന്ന യോഗത്തിലായിരുന്നു മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ ഒരു ദിവസം പരമാവധി 50 ഡ്രൈവിംഗ് ടെസ്റ്റുകൾ മാത്രം മതി എന്ന തീരുമാനമെടുത്തത്. എന്നാൽ തീരുമാനം വരും മുൻപ് അൻപതിലും കൂടുതൽ അപേക്ഷകർക്ക് എല്ലാ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നിന്നും ടെസ്റ്റിന് അവസരം നൽകിയിയിരുന്നു. ഇരിട്ടിയിൽ മോട്ടോർ വാഹന വകുപ്പിന്റെ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ രാവിലെ തന്നെ ടെസ്റ്റിനായി പഠിതാക്കൾ എത്തിയപ്പോൾ 50 പേർക്ക് മാത്രമേ ടെസ്റ്റ് നൽകാൻ സാധിക്കുകയുള്ളൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ 50ൽ കൂടുതൽ ആളുകൾ എത്തിയിരുന്നു. എല്ലാവർക്കും ടെസ്റ്റ് നൽകണമെന്ന് ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരും ഡ്രൈവിംഗ് സ്കൂൾ പ്രതിനിധികളും പറഞ്ഞു. മുഴുവൻ ആളുകൾക്കും ഡ്രൈവിംഗ് ടെസ്റ്റ് നൽകിയാൽ മാത്രമേ ഇവിടെ ടെസ്റ്റ് നടത്താൻ അനുവദിക്കുകയുള്ളൂ എന്ന് ഡ്രൈവിംഗ് സ്കൂൾ പ്രതിനിധികൾ ആവശ്യപ്പെട്ടതോടെ ഡ്രൈവിങ്ങ് ടെസ്റ്റിംഗ് ഗ്രൗണ്ടിൽ ബഹളമായി. ഇരിട്ടി ജോയിൻറ് ആർ ടി ഒ സ്ഥലത്തെത്തി കാര്യങ്ങൾ വിശദീകരിച്ചു. സർക്കാർ ഉത്തരവ് പ്രകാരമേ ടെസ്റ്റ് നടത്താൻ സാധിക്കുകയുള്ളൂ എന്ന് ഡ്രൈവിംഗ് പ്രതിനിധികളോടും ടെസ്റ്റിന് എത്തിയവരോടും ജോയിൻറ് ആർടിഒ പറഞ്ഞു. എന്നാൽ ഡ്രൈവിംഗ് സ്കൂൾ പ്രതിനിധികൾ ഡ്രൈവിംഗ് ടെസ്റ്റിനായി വാഹനം നൽകില്ലെന്ന് പറഞ്ഞതോടെ ടെസ്റ്റിന് എത്തിയ ആളുകൾ പ്രതിഷേധിച്ചു. കേരളത്തിലെ മുഴുവൻ ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലും ഇത്തരത്തിൽ വിഷയം നടന്നിരുന്നു. ഇതിനിടയിലാണ് മന്ത്രിയുടെ പ്രസ്താവന എത്തുന്നത്. ബുധനാഴ്ച ടെസ്റ്റിനായി സ്ലോട്ട് എടുത്ത എല്ലാവർക്കും ടെസ്റ്റ് എടുക്കാമെന്ന് മന്ത്രി പറഞ്ഞതോടെ മൂന്നു മണിക്കൂറോളം വൈകിയ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കുകയായിരുന്നു. ഡ്രൈവിംഗ് സ്കൂൾ മേഖലയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആയിരുന്നു ഇരിട്ടിയിലും പ്രതിഷേധം.

Post a Comment

Previous Post Next Post
Join Our Whats App Group