Join News @ Iritty Whats App Group

വീണ്ടും തിരിച്ചടി: സത്യഭാമക്കെതിരെ അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി പട്ടികജാതി കമ്മീഷനും


തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം നടത്തിയ സത്യഭാമക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്താന്‍ പൊലീസ് മേധാവിക്ക് പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്റെ നിര്‍ദേശം. അന്വേഷണം നടത്തി പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിജിപിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. 

അതേസമയം, ആര്‍എല്‍വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം രംഗത്തെത്തി. സത്യഭാമയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് നൃത്തമവതരിപ്പിക്കാന്‍ കലാമണ്ഡലം തന്നെ രാമകൃഷ്ണനെ നേരിട്ട് ക്ഷണിച്ചത്. ക്ഷണം രാമകൃഷ്ണന്‍ സ്വീകരിക്കുകയും ചെയ്തു. ചൊവ്വാഴ്ച കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. കലാമണ്ഡലത്തില്‍ ഗവേഷക വിദ്യാര്‍ത്ഥി കൂടിയായിരുന്നു രാമകൃഷ്ണന്‍. നേരത്തെ നൃത്താവതരണത്തിനുള്ള സുരേഷ് ഗോപിയുടെ ക്ഷണം രാമകൃഷ്ണന്‍ നിരസിച്ചിരുന്നു. തനിക്ക് അന്നേ ദിവസം തിരക്കാണെന്ന് ചൂണ്ടിക്കാണിച്ചാണ് സുരേഷ് ഗോപിയുടെ ക്ഷണം രാമകൃഷ്ണന്‍ നിരസിച്ചത്. 

കഴിഞ്ഞദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാമകൃഷ്ണനെതിരായ സത്യഭാമയുടെ അധിക്ഷേപം. പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാള്‍ക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകള്‍. അത് ഇങ്ങനെ: 'മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല.'

Post a Comment

Previous Post Next Post
Join Our Whats App Group