Join News @ Iritty Whats App Group

നിയമം മുസ്ലീങ്ങള്‍ക്ക് എതിരല്ല; പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് അമിത്ഷാ

രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും പൗരത്വ ഭേദഗതി നിയമം യാതൊരു കാരണവശാലും പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. സിഎഎ ഒരിക്കലും പിന്‍വലിക്കില്ല. നിയമം മുസ്ലീങ്ങള്‍ക്ക് എതിരല്ലെന്നും അമിത്ഷാ പറഞ്ഞു. നമ്മുടെ രാജ്യത്തുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയെന്നത് ഉറച്ച തീരുമാനമാണെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

താന്‍ വിവിധയിടങ്ങളിലായി 41 തവണയെങ്കിലും സിഎഎയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളോ മറ്റേതെങ്കിലും വിഭാഗങ്ങളോ പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്കപ്പെടേണ്ടതില്ല. കാരണം പൗരത്വം നല്‍കുന്നതിന് മാത്രമാണ് നിയമത്തില്‍ വ്യവസ്ഥയുള്ളത്. പൗരത്വം തിരിച്ചെടുക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയില്ലെന്നും ഷാ അറിയിച്ചു.

സിഎഎയുടെ കാര്യത്തില്‍ രാഷ്ട്രീയ നുണയാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. 2019ലെ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്ന കാര്യമാണ് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്നത്.

പ്രതിപക്ഷ നേതാക്കള്‍ പ്രീണന രാഷ്ട്രീയം നടത്തുകയാണ്. തിരഞ്ഞെടുപ്പ് വരെ പ്രതിഷേധം തുടരുമെന്നും പിന്നീട് എല്ലാ സംസ്ഥാനങ്ങളും സഹകരിക്കുമെന്നും അമിത്ഷാ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group