Join News @ Iritty Whats App Group

ഓണ്‍ലൈൻ ലോണ്‍ വാഗ്ദാനം ചെയ്ത് പണം തട്ടി; പ്രതിയെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തൂ



മട്ടന്നൂർ: മട്ടന്നൂര്‍ വെളിയമ്ബ്രയില്‍ താമസിക്കുന്ന യുവാവിന് ഓണ്‍ ലൈന്‍ ലോണ്‍ വാഗ്ദാനം ചെയ്തു ഒരുലക്ഷത്തി പതിനേഴായിരം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കാഞ്ഞങ്ങാട് ആറങ്ങാടിയില്‍ നിന്നും മട്ടന്നൂര്‍ സി.

ഐ അഭിലാഷും എസ്. ഐ പ്രശാന്തും ചേര്‍ന്ന് വെളളിയാഴ്ച്ച രാവിലെ എട്ടുമണിക്ക് അറസ്റ്റു ചെയ്തു.

കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി മുഹമ്മദ് ഹനീഫിനെ(29)യാണ് പൊലിസ് അറസ്റ്റു ചെയ്തത്. വെളിയമ്ബ്ര സ്വദേശിയുടെ പരാതിയിലാണ് ഓണ്‍ ലൈന്‍ തട്ടിപ്പു സംഘത്തിലെ യുവാവിനെ പിടികൂടിയത്. ഒരുലക്ഷം രൂപ ഓണ്‍ ലൈന്‍ വായ്പ നല്‍കുന്നതിനായാണ് പലതവണകളായി പ്രൊസസിങ് ഫീസെന്ന പേരില്‍ പണം തട്ടിയെടുത്തത്.


കഴിഞ്ഞ ഫെബ്രുവരി 29-നാണ് വാട്‌സ് ആപ്പിലൂടെ കണ്ട പരസ്യത്തെ തുടര്‍ന്ന് വെളിയമ്ബ്ര സ്വദേശി രണ്ടു ലക്ഷം രൂപ ലോണിനായി അപേക്ഷിച്ചത്. പ്രൊസസിങ് ഫീസായി നാലുതവണകളായി പണം അയച്ചു നല്‍കുകയായിരുന്നു. പിന്നീട് ലോണ്‍ ലഭിക്കുകയോ നല്‍കിയ പണം തിരിച്ചു നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് മട്ടന്നൂര്‍ പൊലിസില്‍ പരാതി നല്‍കിയത്.

ഡല്‍ഹിയില്‍ അയച്ച പണം പിടിയിലായ കാഞ്ഞങ്ങാട് സ്വദേശിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പിന്നീട് പണം ഇയാള്‍ തന്റെ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു. ഇയാള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റു തട്ടിപ്പുകള്‍ നടത്തിയതിനെ കുറിച്ചു പൊലിസ് അന്വേഷിച്ചുവരികയാണ്.

മുഹമ്മദ് ഹനീഫ് ഓണ്‍ ലൈന്‍ തട്ടിപ്പുസംഘത്തിലെ കേവലമൊരു കണ്ണിയാണെന്നാണ് പൊലിസ് പറയുന്നത്. ഇയാള്‍ക്കു പിന്നില്‍ വന്‍ സംഘം തന്നെ പ്രവര്‍ത്തിച്ചുവരുന്നതായി പൊലിസ് സംശയിക്കുന്നുണ്ട്. ഇവര്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കി നിരവധി പേരെ കബളിപ്പിച്ചു പണം കവര്‍ന്നതായി വിവരമുണ്ടെന്നും ഈക്കാര്യം വരും ദിവസങ്ങളില്‍ അന്വേഷിച്ചുവരികയാണെന്ന് കൂത്തുപറമ്ബ് എ.സി.പി കെ. വി വേണുഗോപാല്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഇതിനുസമാനമായി ടെലഗ്രാമില്‍ വ്യാജപരസ്യം കണ്ട് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിന് പണം നല്‍കിയ മട്ടന്നൂര്‍ സ്വദേശിക്ക് ഇരുപത്തിയഞ്ചായിരം രൂപ നഷ്ടമായിരുന്നു. ആവശ്യപ്പെട്ട തുക ലഭിച്ചതിനു ശേഷവും ഓര്‍ഡര്‍ ചെയ്്ത മൊബൈല്‍ ഫോണ്‍ ലഭിക്കുന്നതിനായി വീണ്ടും കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് മൊബൈല്‍ ഫോണ്‍ നല്‍കാതെ കബളിപ്പിച്ചതിനെ തുടര്‍ന്നാണ് പൊലിസില്‍ പരാതി നല്‍കിയത്.

വ്യാജ ഇ-കൊമേഴ്‌സ് വെബ് സൈറ്റുകള്‍ സൃഷ്ടിച്ചു ആകര്‍ഷകമായ വിലക്കുറവുകളും ഓഫറുകളും നല്‍കി ആളുകളെ വലവീശി പണം തട്ടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് കണ്ണൂര്‍ സൈബര്‍ പൊലിസ് അറിയിച്ചു. ഇ കൊമേഴ്‌സ് വെബ് സൈറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ പണം കൈമാറാന്‍ ഇടപാടുകാര്‍ ശ്രദ്ധിക്കണമെന്ന് കണ്ണൂര്‍ സൈബര്‍ സെല്‍ സി. ഐ സനല്‍കുമാര്‍മുന്നറിയിപ്പു നല്‍കി.

Post a Comment

Previous Post Next Post
Join Our Whats App Group