Join News @ Iritty Whats App Group

‘മദ്യനയത്തിലെ അഴമതി പണം ലഭിച്ചത് ബിജെപിക്ക്, അന്വേഷണം നടത്തേണ്ടത് ജെപി നദ്ദയ്ക്കെതിരെ’; ഇഡിയെ വെല്ലുവിളിച്ച് എഎപി

ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ ശരത് ചന്ദ്ര റെഡ്ഡി ഇലക്ടറൽ ബോണ്ടിലൂടെ ബിജെപിക്ക് പണം നൽകിയെന്ന് എഎപി നേതാവ് അതിഷി മര്‍ലേന. ഇതിന് പിന്നാലെ ഇയാൾ കേസിൽ മാപ്പുസാക്ഷിയാവുകയും ചെയ്തുവെന്ന് എഎപി നേതാവ് ആരോപിച്ചു. മദ്യനയ കേസിലെ പണം ഇടപാട് ഒന്നും ഇഡിക്ക് തെളിയിക്കാനായിട്ടില്ലെന്നും ഒരാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്നും ഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ എഎപി നേതാവ് പറഞ്ഞു.

കെജ്‌രിവാളിനെ കണ്ടിട്ടില്ലെന്ന് ആദ്യം മൊഴി നൽകിയ വ്യവസായി ശരത് ചന്ദ്ര റെഡ്ഡി ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മൊഴി മാറ്റി. ഇലക്ടറൽ ബോണ്ടിലൂടെ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് 55 കോടി നൽകിയെന്നും അവര്‍ ആരോപിച്ചു. പിന്നാലെ മദ്യനയ കേസിൽ മാപ്പുസാക്ഷിയായി. ബിജെപിക്ക് ഇയാൾ 34 കോടി ബോണ്ടിലൂടെ നല്‍കിയെന്ന വിവരം പുറത്ത് വന്നിരുന്നു. എന്നാൽ 55 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടിലൂടെ ബിജെപിക്ക് ശരത് ചന്ദ്ര റെഡ്ഡി നല്‍കിയതെന്ന് എഎപി നേതാവ് ആരോപിച്ചു.

ഇഡ‍ി തന്നെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് ശരത് റെഡ്ഡി വെളിപ്പെടുത്തിയിരുന്നുവെന്നും കെജ്‌രിവാളിനെ കണ്ടിട്ടില്ലെന്ന മൊഴി നല്‍കിയ ഉടനെയാണ് ഇഡി ശരത് ചന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്തതെന്നും എഎപി പറയുന്നു. കെജ്‌രിവാളിനെ കണ്ടുവെന്ന് ഇഡി കസ്റ്റഡിയിരിക്കെ ശരത് ചന്ദ്ര റെഡ്ഡി മൊഴി നല്‍കി. അറസ്റ്റിന് ശേഷം ശരത് ചന്ദ്ര റെഡ്ഡി ഇലക്ടറൽ ബോണ്ട് വഴി 55 കോടി ബിജെപിക്ക് നല്‍കി. പിന്നാലെ നടുവേദനയെന്ന കാരണം പറ‌ഞ്ഞ് ജാമ്യം തേടി. എന്നാൽ ഇഡി ജാമ്യം നൽകുന്നതിനെ എതിര്‍ത്തു.

മദ്യനയ കേസിൽ ഇ‍ഡി ആദ്യം അറസ്റ്റ് ചെയ്യേണ്ടത് ബിജെപി അധ്യക്ഷൻ ജെപി നദ്ദയെയാണെന്നും മദ്യനയ കേസിലെ പ്രതി പണം നല്‍കിയത് ബിജെപിക്കാണെന്ന് തെളിഞ്ഞുവെന്നും അതിഷി ഡൽഹിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് വഴി അനധികൃത പണം കൈപ്പറ്റിയതിന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് എതിരെ ഇഡി അന്വേഷണം നടത്തണമെന്നും അതിഷി ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group