Join News @ Iritty Whats App Group

അക്കൗണ്ടുകൾ മരവിച്ചതോടെ കോൺഗ്രസ് സാമ്പത്തിക പ്രതിസന്ധിയിൽ, പിസിസികളും സ്ഥാനാർത്ഥികളും പണം കണ്ടെത്തേണ്ടി വരും

ദില്ലി : ആദായ നികുതി വകുപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കോൺഗ്രസ്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിസിസികളും, സ്ഥാനാർത്ഥികളും പണം കണ്ടെത്തേണ്ടി വരും. അക്കൗണ്ടുകൾ മരവിച്ചതോടെ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനുളള എഐസി സി വിഹിതത്തിൻ്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കേന്ദ്ര ഏജൻസികൾ പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിക്ക് എങ്ങനെ പരിഹാരം കാണാനാകുമെന്നറിയാതെ പ്രതിസന്ധിയിലാണ് കോൺഗ്രസ്. യാത്രാ ചെലവുകളിലടക്കം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രധാന നേതാക്കളുടെ പ്രചാരണ പരിപാടികൾ വെട്ടിച്ചുരുക്കാനാണ് നീക്കം. 

അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാൻ വൈകിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലോക്സഭാ ഇലക്ഷൻ കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം മരവിപ്പിച്ചത്. 210 കോടി പിഴയും ചുമത്തിയായിരുന്നു കേന്ദ്ര ഏജൻസിയുടെ നടപടി. അറിയിപ്പ് പോലും നല്കാതെയാണ് കോൺഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതെ വന്നതോടെ അന്വേഷിച്ചതോടെയാണ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി കോണ്‍ഗ്രസ് തിരിച്ചറിഞ്ഞത്.

പ്രതിപക്ഷത്തെ ഉന്നമിട്ട് അന്വേഷണ ഏജൻസികളുടെ റെയ്ഡ്, ഇന്ത്യ സഖ്യത്തിൻ്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടൽ

കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ക്രൗഡ് ഫണ്ടിങ്ങിലൂടെയും മെമ്പർഷിപ്പിലൂടെയും സമാഹരിച്ച പണം അക്കൗണ്ടുകളിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 2018-19 വർഷം ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാൻ 45 ദിവസം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് നടപടിയെന്നതാണ് ശ്രദ്ധേയം.  

തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും അക്കൌണ്ടുകൾ മരവിപ്പിച്ചത്. പ്രതിപക്ഷത്തെ ഉന്നം വെച്ചുളള ഇഡി, സിബിഐ, ഐടി അടക്കം അന്വേഷണ ഏജൻസികളുടെ നീക്കം പരിശോധിക്കപ്പെടേണ്ടതാണെന്ന നിലപാടിലാണ് കോൺഗ്രസ് അടക്കം ഇന്ത്യാ മുന്നണി. പ്രതിപക്ഷത്തെ പ്രമുഖരായ നേതാക്കളെയും ബിജെപി ഉന്നമിടുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ഇലക്ഷൻ കാലത്തെ റെയ്ഡ് അടക്കം നടപടികളെന്നും ഇന്ത്യാ മുന്നണി ആരോപിക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group