Join News @ Iritty Whats App Group

ആറളം ഫാമിൽ സമഗ്ര വികസന പദ്ധതികൾക്കായി പട്ടികജാതി പട്ടികവർഗ്ഗ വികസനവകുപ്പ് 4,14, കോടി അനിവദിച്ചു


ഇരിട്ടി: ആറളം ഫാമിന്റെ സമഗ്ര വികസന പദ്ധതികൾക്കായി പട്ടികജാതി പട്ടികവർഗ്ഗ വികസനവകുപ്പ് 4,14, 06,000 രൂപയുടെ അനുമതി നൽകി. ഫാമിൻറെ പുനരുദ്ധാരണപ്രവർത്തനത്തിന്റെ ഭാഗമായി വിവിധ പദ്ധതികളുടെ കരടുകൾ പട്ടികവർഗ്ഗ വികസന വകുപ്പിലേക്ക് സമർപ്പിച്ചിരുന്നു. ഇവ അംഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ തുക അനുവദിച്ചു നൽകിയിരിക്കുന്നത്. ഇത്തരം പദ്ധതികളിലൂടെ ആറളം ഫാം മേഖലയിൽ പുനരധിവസിക്കപ്പെട്ട പട്ടികവർഗ്ഗക്കാരുടെ ജീവനോപാധികളെ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.   
കൃത്യമായ ആസൂത്രണത്തോടുകൂടി ഫാമിന്റെ ഭാവി ഭദ്രമാക്കുന്നതിനും സ്വയംവര്യാപ്തയിൽ എത്തിക്കുന്നതിനും വേണ്ടിയുള്ള സുസ്ഥിര വികസന പദ്ധതികളുടെ കരടുകളാണ് പട്ടികവർഗ്ഗ വികസന വകുപ്പിലേക്ക് ഫാം അധികൃതർ സമർപ്പിച്ചത്. കരടുകൾ പരിശോധിച്ച് മുൻഗണന ക്രമത്തിലാണ് പദ്ധതികൾ അംഗീകരിച്ചു വന്നിരിക്കുന്നത്. കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം മൂലവും കാലപ്പഴക്കത്താലും നശിച്ചുപോയ വിളകളെ പുനർ ക്രമീകരിക്കുക, അതോടൊപ്പം ഹൃസ്വകാലവിളകളെ പ്രോത്സാഹിപ്പിച്ച് വരുമാനദായകമാക്കുക തുടങ്ങിയ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. 
പദ്ധതികൾ നടപ്പിലാക്കുന്നതിന് മുമ്പ് ഫാമിന്റെ അടിസ്ഥാന പ്രശ്നമായ ആനകളെ തുരത്തി പ്രതിരോധിക്കുന്നതിനുള്ള വൈദ്യുതിവേലികൾ നിർമ്മിക്കുന്നതിനും വകുപ്പ് ധനസഹായം അനുവദിച്ചിരിക്കുന്നു. ഇതിൻറെ ഭാഗമായി വനംവകുപ്പിന്റെ സഹായത്തോടു കൂടി ഫാമിനകത്ത് വര്ഷങ്ങളായി തമ്പടിച്ചു കിടക്കുന്ന ആനകളെ തുരത്തുന്നതിനു വേണ്ടിയുള്ള പദ്ധതിയും ആവിഷ്കരിച്ച് നടപ്പിലാക്കി. 
ലക്ഷ്യമിടുന്ന പദ്ധതികളും ഓരോന്നിനും അനുവദിച്ചിരിക്കുന്ന തുകയും 
ഗുണമേന്മയുള്ള തെങ്ങുകൾ, പാരമ്പര്യ ഗോത്ര പച്ചക്കറി വിത്തുകൾ ഉത്പാദിപ്പിച്ച് കർഷകർക്ക് നൽകുന്നതിന് 10350000 രൂപ. കാലഹരണപ്പെട്ടതും വന്യ മൃഗങ്ങളാൽ നശിപ്പിക്കപ്പെട്ട തെങ്ങ്, കശുമാവ്, കവുങ്ങ് തുടങ്ങിയവ പുനഃസ്ഥാപിക്കുന്നതിനും യന്ത്രവത്കൃത കൃഷി നടപ്പിലാക്കുന്നതിനുമായി 19800000 രൂപ. പോത്ത് വളർത്തൽ പദ്ധതിക്കായി 2112500 രൂപ. മാതൃ വൃക്ഷത്തോട്ടം നിർമ്മിക്കുന്നതിന് 3660000 രൂപ. കശുവണ്ടി സംസ്കരണ കേന്ദ്രത്തിന് 2150000 രൂപ. ശാസ്ത്രീയ കൂൺ വളർത്തൽ പദ്ധതിക്കായി 3333500 രൂപ. പദ്ധതികളുടെ നിർവഹണത്തിനായി ജൂനിയർ അഗ്രികൾച്ചർ ഓഫീസർ, അഗ്രികൾച്ചർ ഇന്റേൺസ് എന്നിവരെ കണ്ടെത്താൻ വിജ്ഞാപനം നൽകിക്കഴിഞ്ഞു. ഇത്തരം പദ്ധതികളുടെ നിർവഹണത്തിലൂടെ ഫാമിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group