Join News @ Iritty Whats App Group

'കുടിവെള്ളം ദുരുപയോഗം ചെയ്തു'; 22 കുടുംബങ്ങള്‍ക്ക് 1.10 ലക്ഷം രൂപ പിഴ


ബംഗളൂരു: കുടിവെള്ള പ്രതിസന്ധിക്കിടെ വെള്ളം അനാവശ്യമായി ഉപയോഗിച്ചെന്ന് പരാതികളില്‍ 22 കുടുംബങ്ങളില്‍ നിന്ന് 1.10 ലക്ഷം രൂപ പിഴ ഈടാക്കി. ബംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് ആണ് മൂന്ന് ദിവസത്തിനുള്ളില്‍ 1.10 ലക്ഷം രൂപ പിഴ ഈടാക്കിയത്. കുടിവെള്ളം ഉപയോഗിച്ച് കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ കഴുകിയെന്ന പരാതികളിലാണ് നടപടി.

നഗരത്തിന്റെ തെക്ക്-കിഴക്ക് ഭാഗങ്ങളില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത്. ഇവരോട് വെള്ളം മിതമായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെന്നും വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ റാം പ്രശാന്ത് മനോഹര്‍ പറഞ്ഞു. ഈ മാസം ആദ്യമാണ് വാഹനങ്ങള്‍ വൃത്തിയാക്കുന്നതിനും പൂന്തോട്ട പരിപാലനത്തിനും കെട്ടിട നിര്‍മ്മാണത്തിനും കുടിവെള്ളം ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. നഗരത്തില്‍ അനുദിനം താപനില ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മഴയില്ലാത്തതിനാല്‍ ഭൂഗര്‍ഭ ജലനിരപ്പ് കുറഞ്ഞു. ഈ സാഹചര്യത്തില്‍ നഗരത്തിലെ വെള്ളം പാഴാകുന്നത് തടയേണ്ടത് ആവശ്യമാണെന്നും റാം പ്രശാന്ത് പറഞ്ഞു. 

ഇതിനിടെ വാണിജ്യ സ്ഥാപനത്തിന് വെള്ളം മറിച്ച് വിറ്റ സ്വകാര്യ ടാങ്കര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. കുടിവെള്ള ടാങ്കര്‍ ഡ്രൈവറായ സുനിലിനെതിരെ ബലഗുണ്ടെ സ്റ്റേഷനിലാണ് ജല വിതരണ ബോര്‍ഡ് പരാതി നല്‍കിയത്. ജലക്ഷാമം രൂക്ഷമായ 130 വാര്‍ഡിലേക്ക് വെള്ളം എത്തിക്കേണ്ട ടാങ്കര്‍ ഡ്രൈവറായിരുന്നു സുനില്‍. എന്നാല്‍ ടാങ്കറില്‍ വെള്ളം നിറച്ച ശേഷം മറ്റൊരു വാര്‍ഡിലെ സ്വകാര്യ സ്ഥാപനത്തിന് വെള്ളം വില്‍ക്കുകയായിരുന്നു. മാര്‍ച്ച് 24നായിരുന്നു സംഭവം. സംഭവം വിവാദമായതിന് പിന്നാലെ ടാങ്കര്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. വെള്ളം ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയാല്‍ സ്വകാര്യ കുടിവെള്ള ടാങ്കറുകള്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്നും ജല വിതരണ ബോര്‍ഡ് വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group