Join News @ Iritty Whats App Group

റബർ സബ്‌സിഡി 180 രുപയാക്കി,സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം നടപ്പാക്കിയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍


തിരുവനന്തപുരം: സംസ്ഥാനത്തെ റബർ ഉൽപാദന ബോണസ്‌ 180 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. റബർ സബ്‌സിഡി ഉയർത്തുമെന്ന്‌ ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.സ്വാഭാവിക റബറിന്‌ വിലയിടഞ്ഞ സാഹചര്യത്തിലാണ്‌ സംസ്ഥാന സർക്കാർ റബർ ഉൽപാദന ഇൻസെന്റീവ്‌ പദ്ധതി നടപ്പാക്കിയത്‌. വിപണി വിലയിൽ കുറവുവരുന്ന തുക സർക്കാർ സബ്‌സിഡിയായി അനുവദിക്കുന്നു. 2021 ഏപ്രിലിൽ ഒരു കിലോഗ്രാം സ്വാഭാവിക റബറിന്‌ 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്‌സിഡി തുക ഉയർത്തിയിരുന്നു. 2024 ഏപ്രിൽ ഒന്നുമുതൽ കിലോഗ്രാമിന്‌ 180 രൂപയായി വർധിപ്പിക്കുമെന്നാണ്‌ ബജറ്റിൽ പ്രഖ്യാപിച്ചത്‌. അത്‌ നടപ്പാക്കിയാണ്‌ ഉത്തരവിറക്കിയത്‌.
അന്തർദേശീയ വിപണിയിൽ വില ഉയരുമ്പോഴും രാജ്യത്ത്‌ റബർ വില തകർച്ചയ്‌ക്ക്‌ കാരണമാകുന്ന നയസമീപനമാണ്‌ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌. ഈ സാഹചര്യത്തിലും, എല്ലാ സാമ്പത്തിക പ്രയാസങ്ങളും മാറ്റിവച്ച്‌ റബർ കർഷകരെ പരമാവധി സഹായിക്കുന്ന നിലപാടാണ്‌ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

റബർ ഉൽപാദന ബോണസായി 24.48 കോടി രുപകൂടി അനുവദിച്ചതായും ധനമന്ത്രി അറിയിച്ചു. ഇതോടെ റബർ ബോർഡ്‌ അംഗീകരിച്ച പട്ടികയിലുള്ള മുഴുവൻ പേർക്കും സബ്‌സിഡി ബാങ്ക്‌ അക്കൗണ്ടിലെത്തും. ഒന്നര ലക്ഷത്തിലേറെ ചെറുകിട, നാമമാത്ര റബർ കർഷകർക്കാണ്‌ ആനുകൂല്യം ലഭിക്കുക. റബർ ബോർഡ്‌ അംഗീകരിക്കുന്ന കർഷകരുടെ പട്ടിക അനുസരിച്ചാണ്‌ സംസ്ഥാന സർക്കാരിന്‍റെ സബ്‌സിഡി നൽകുന്നത്‌. ഈ വർഷം റബർ ബോർഡ്‌ അംഗീകരിച്ച മുഴുവൻ പേർക്കും സബ്‌സിസി ലഭ്യമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group