Join News @ Iritty Whats App Group

'ഹിന്ദു യുവതിയോട് സംസാരിക്കുന്നത് തെറ്റ്'; മലയാളി യുവാവിന് നേരെ ശ്രീരാമ സേന പ്രവർത്തകരുടെ സദാചാര ആക്രമണം


മംഗളൂരു: കർണാടകയിൽ മലയാളി യുവാവിനും വനിതാ സുഹൃത്തിനും നേരെ സദാചാര ആക്രമണം നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീരാമസേനാ പ്രവർത്തകരടക്കം നാല് പേരാണ് പൊലീസിന്‍റെ പിടിയിലായത്. മംഗളൂരുവിലെ പനമ്പൂർ ബീച്ചിൽ വെച്ചാണ് മലയാളി യുവാവിനും സുഹൃത്തിനുമെതിരെ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം നടന്നത്. 

ഹിന്ദു യുവതി മുസ്‍ലിം യുവാവിനോടു സംസാരിക്കുന്നത് തെറ്റാണെന്നും അതിനെ ചോദ്യം ചെയ്യാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ആക്രോശിച്ചായിരുന്നു അക്രമി സംഘം യുവാവിനെയും സുഹൃത്തായ യുവതിയെയും തടഞ്ഞ് നിർത്തിയത്. പനമ്പൂർ ബീച്ചിൽ കഴിഞ്ഞ ദിവസം വൈകിട്ട് 4.30നായിരുന്നു സംഭവം ഇരുവരെയും. അക്രമി സംഘം ഇരുവരെയും തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സംഭവം കണ്ട് ആരോ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. 

ബണ്ടാൽ സ്വദേശിയായ മലയാളി യുവാവും ബെംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതിയും സുഹൃത്തുക്കളാണ്. വൈകിട്ട് ബീച്ചിലൂടെ നടക്കുമ്പോഴാണ് ഇരുവരും സദാചാര ആക്രമണത്തിന് ഇരയാകുന്നത്. കാവി ഷാൾ കഴുത്തിലും തലയിലും അണിഞ്ഞെത്തിയ സംഘം ഇരുവരെയും തടഞ്ഞ് വെച്ച് ചോദ്യം ചെയ്യുകയായിരുന്നു. മുസ്‍ലിം വിഭാഗക്കാരനായ യുവാവിനൊപ്പം എന്തിനാണ് നടക്കുന്നത് എന്ന് ചോദിച്ചാണ് അക്രമി സംഘം യുവതിയെ കയ്യേറ്റം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സംഘത്തിൽപ്പെട്ടവർ തന്നെ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തെട്ടുകാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബൽത്തങ്ങാടി സ്വദേശികളായ ഉമേഷ് (23), സുധീർ (26), കീർത്തൻ പൂജാരി (20), ബണ്ടാൾ സ്വദേശി പ്രശാന്ത് ഭണ്ടാരി (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ മൂന്നു പേർ ശ്രീരാമസേനാ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. ഞങ്ങൾ രണ്ട് മതവിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് മനസ്സിലായതോടെയാണ് ആക്രമികൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്ന് യുവതി ആരോപിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group