Join News @ Iritty Whats App Group

'അത് റേഷന്‍ കടകളിലൂടെ വിതരണം ചെയ്തിരുന്ന അരി'; ഭാരത് അരിയുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കരുതെന്ന് പ്രതാപന്‍

തൃശൂര്‍: സംസ്ഥാനത്ത് റേഷന്‍ കടകളിലൂടെ വിതരണം ചെയ്തിരുന്ന അരി ഭാരത് അരി എന്ന പേരില്‍ കേന്ദ്ര ഗവണ്‍മെന്റ് വിതരണം ചെയ്ത് ജനത്തെ പറ്റിക്കരുതെന്ന് ടി.എന്‍.പ്രതാപന്‍ എംപി. ഇക്കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് അടിയന്തിരമായി ഇടപെടണം. ബന്ധപ്പെട്ട മന്ത്രി പരാതി പറഞ്ഞ് നില്‍ക്കാതെ പരിഹാരത്തിനുള്ള നടപടി സ്വീകരിക്കണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു. 

'10 രൂപ 90 പൈസക്കാണ് റേഷന്‍ കടകളില്‍ അരി നല്‍കിയിരുന്നത്. ഈ അരിയാണ് കിലോയ്ക്ക് 29 രൂപ നിരക്കില്‍ കേന്ദ്ര സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്നത്.' മോദി നല്‍കുന്ന അരി എന്ന് പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തരുതെന്ന് പ്രതാപന്‍ ആവശ്യപ്പെട്ടു. 'റേഷന്‍ കാര്‍ഡ് ഇല്ലാതെയാണ് ഭാരത് അരി നല്‍കുന്നത്. യഥാര്‍ത്ഥ ഉപഭോക്താക്കള്‍ക്ക് അരി നല്‍കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെങ്കില്‍ അത് പൊതുവിതരണ സമ്പ്രദായത്തിലൂടെ വേണം. ഇക്കാര്യം റേഷന്‍ വ്യാപാരികളുടെ സംഘടന ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ അരി വിതരണത്തിലൂടെ രാഷ്ട്രീയ ലാഭം കൈകൊണ്ട ചരിത്രമില്ല.' സൗജന്യ അരി നല്‍കലും വില കുറച്ച അരി നല്‍കലും നടത്താറുണ്ടെങ്കിലും സംസ്ഥാന ഗവണ്‍മെന്റുകള്‍ റേഷന്‍ കട വഴി നല്‍കുന്ന അരി പിന്‍വാതിലിലൂടെ ഏറ്റെടുത്ത് വിതരണം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതാപന്‍ പറഞ്ഞു. 

സപ്ലൈകോ വഴി 24 രൂപക്ക് വിതരണം ചെയ്യുന്ന അരിയാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് അരിയെന്ന നിലയില്‍ 29 രൂപക്ക് നല്‍കുന്നതെന്ന് മന്ത്രി ജി.ആര്‍ അനില്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. റേഷന്‍ കടയില്‍ ലഭിക്കുന്ന അരിയാണ് 29 രൂപക്ക് ഭാരത് അരി എന്ന പേരില്‍ വിതരണം ചെയ്യുന്നത്. റേഷന്‍ കടയില്‍ കിട്ടുന്ന ചമ്പാ അരിയല്ല ഇത്. ചാക്കരി എന്ന് നാട്ടില്‍ പറയുന്ന അരിയാണ്. അല്ലാതെ, കൂടിയ ജയ അരി ഒന്നുമല്ല. ഇതേ അരിയാണ് 24 രൂപക്ക് സപ്ലൈക്കോ വഴി നല്‍കുന്നത്. ഇതേ അരിയാണ് നാല് രൂപയ്ക്ക് റേഷന്‍ കടവഴി നീല കാര്‍ഡുകാര്‍ക്കും 10.90 പൈസക്ക് വെള്ള കാര്‍ഡുകാര്‍ക്കും നല്‍കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group